കോണ്‍ഗ്രസിനു മേലെ ‘മലപ്പുറം കോണ്‍ഗ്രസ്’

മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേട്ടം ഒരു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ മലപ്പുറത്തെ കോണ്‍ഗ്രസ് വിമതര്‍ രണ്ടു സീറ്റ് നേടി ശക്തി തെളിയിച്ചു. താനൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്റെ പാത പിന്തുടര്ന്ന് കോണ്‍ഗ്രസ് പാളയം വിട്ട ജില്ലയിലെ പ്രവര്‍ത്തകരെ വിശേഷിപ്പിക്കാനാണ് ‘മലപ്പുറം കോണ്‍ഗ്രസ്’ എന്ന പ്രയോഗം നിലവില്‍ വന്നത്. ‘മലപ്പുറം കോണ്‍ഗ്രസിനു’ പിന്നില്‍ പ്രേരക ശക്തിയായി നിന്ന ആര്യാടന് മുഹമ്മദിന്റെ മകനെ അടക്കം പിഴുതെറിഞ്ഞാണ് ‘മലപ്പുറം കോണ്‍ഗ്രസ്’ ജില്ലയില്‍ ശക്തി തെളിയിച്ചത്.
വി അബ്ദുറഹ്മാനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ അണിനിരന്നെങ്കിലും നിലമ്പൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ വിജയത്തിന്റെ പിന്നില്‍ അദൃശ്യ ശക്തിയായി വിമത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. അന്‍വറിന്റെ വിജയത്തിനു ശേഷം ആഘോഷങ്ങള്ക്കെത്തിയവരില് പലരും കോണ്‍ഗ്രസ് പാളയത്തിലുള്ളവരായിരുന്നു.
അതിശക്തമായ ലീഗ് വിരോധ മൂലമാണ് കെ പി സി സി മെംബറായിരുന്ന വി അബ്ദുറഹ്മാന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്വതന്ത്രനായി പൊന്നാനി മണ്ഡലത്തില്‍ മല്‍സരിച്ചത്. മുസ്ലിം ലീഗിന്റെ അപ്രമാദിത്വം ജില്ലയിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്നു എന്ന പരാതിയാണ് അബ്ദുറഹ്മാന് അന്ന് ഉന്നയിച്ചത്. പലവട്ടം പല വേദിയില്‍ ഈ വിഷയം ഉന്നയിക്കുകയും, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ശ്രദ്ധയില്‍ വിഷയം എത്തിക്കുകയും ചെയ്തെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല, ആര്യാടന് മുഹമ്മദ് എന്നിവരുടെ മൗനാനുവാദത്തോടെ വി അബ്ദുറഹ്മാന് പാര്‍ട്ടി വിടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലിടറിയെങ്കിലും മുസ്ലിം ലീഗിനെ വിറപ്പിക്കാനായത് നേട്ടമായി. ഇതേ തുടര്‍ന്ന് ഇടതുമുന്നണി തങ്ങളുടെ കുന്തമുനകളില്‍ ഒന്നായി വി അബ്ദുറഹ്മാനെ ദത്തെടുക്കുകയായിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരം തന്നെയാണ് തന്റെ സ്വന്തം തട്ടകമായ തിരൂര്‍ വിട്ട് അബ്ദുറഹ്മാന് താനൂരിലേക്ക് മാറുന്നതും. 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നായിരുന്നു പാര്‍ട്ടി പ്രതീക്ഷ. എന്നാല്‍ 4000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗ് കോട്ടയില്‍ അബ്ദുറഹ്മാന് ചെങ്കൊടി പാറിക്കുകയായിരുന്നു. ഒപ്പം പാറി കളിക്കാന്‍ കോണ്‍ഗ്രസിന്റെ കൊടികളും ഉണ്ടായിരുനെന്നത് യു ഡി എഫ് നേതൃത്വം ഗൗരവമായി എടുക്കേണ്ട കാര്യമാണ്.
കെ കരുണാകരന്റെ ജില്ലയിലെ അരുമ ശിഷ്യന്മാരില് ഒരാളായിരുന്നു പി വി അന്‍വര്‍. കോണ്‍ഗ്രസ് വി്ട്ട് കരുണാകരന് സ്വന്തം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിന്റെ ജില്ലാ നേതാവും പി വി അന്‍വര്‍ ആയിരുന്നു. കഴിഞ്ഞ തവണ ഏറനാട് മണ്ഡലത്തില്‍ അന്‍വര്‍ മല്‍സരിച്ചപ്പോള്‍ ആര്യാടന് മുഹമ്മദ് അടക്കമുള്ളവരുടെ രഹസ്യ പിന്തുണയും അദ്ദേഹം ഉറപ്പാക്കിയിരുന്നുവെന്ന് പലരും ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും അഞ്ച് വര്‍ഷത്തിനു ശേഷം അതേ പി വി അന്‍വര്‍ തന്നെ ആര്യാടന്മാരുടെ നിലമ്പൂരിലെ തേരോട്ടം അവസാനിപ്പിച്ചിരിക്കുകയാണ്. ഈ വിജയത്തിനു പിന്നിലും കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ അനുഗ്രഹമുണ്ടായിരുനെന്ന അനുമാനത്തിലാണ് മലപ്പുറത്തെ രാ്ഷ്ട്രീയ നിരീക്ഷകര്‍.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]