പ്രവചനം അസാധ്യമാക്കി താനൂര്‍ മണ്ഡലം

പ്രവചനം അസാധ്യമാക്കി താനൂര്‍ മണ്ഡലം

താനൂര്‍: യു ഡി എഫിന് ഇത്തവണ വെല്ലുവിളിയാകുമെന്ന് പ്രഖ്യാപിച്ച് താനൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ റോഡ് ഷോ.   മണ്ഡലത്തിന്റെ തീരദേശ പാതകളിലൂടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.  രാവിലെ ഒട്ടുംപുറത്ത് നിന്നാരംഭിച്ച റാലി സമാപിച്ചത് ഉണ്ണ്യാലില്‍ ആണ്. സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ ആളുകള്‍ റോഡ് ഷോയുടെ ഭാഗമായി.

ലീഗിനോട് അകന്ന് നില്‍ക്കുന്ന മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡ്‌ഷോയില്‍ അണിനിരന്നു. കോണ്‍ഗ്രസ് പതാകകളുമായി ഇടതുസ്ഥാനാര്‍ഥിക്ക് പിന്തുണയുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ്‌ഷോയിലെ ശ്രദ്ധേയ സാനിദ്ധ്യമായി മാറി. താനൂരിലെ പ്രവര്‍ത്തകരെ മാത്രം അണിനിരത്തിയാണ് പ്രചാരണ സമാപന ദിവസം ഇടതുമുന്നണി റാലി സംഘടിപ്പിച്ചത്.

മലപ്പുറം ജില്ലയില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായാണ് താനൂരിനെ കാണുന്നത്.  ഇതുവരെ മുസ്ലിം ലീഗിനെ കൈവിട്ടിട്ടില്ലാത്ത മണ്ഡലം ഇത്തവണ ചരിത്രം തിരുത്തുമെന്നാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്.

മറുവശത്ത് അബ്ദുറഹ്മാന്‍ രണ്ടത്താണി കടുത്ത മല്‍സരം അതിജീവിച്ച് മണ്ഡലം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് ക്യാംപ്.  മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കളടക്കം അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് വോട്ടര്‍ഭ്യര്‍ഥിച്ച് മണ്ഡലത്തില്‍ എത്തിയിരുന്നു.  തുടര്‍ച്ചയായ സി പി എം-മുസ്ലിം ലീഗ് സംഘര്‍ഷം കൊണ്ടും, ഇടതു മുന്നണി സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്റെ നേര്‍ക്കു നടന്ന കൈയേറ്റം കൊണ്ടും മണ്ഡലം സംഘര്‍ഷ സാധ്യത മണ്ഡലമായാണ് അധികൃതരും കരുതുന്നത്.

Sharing is caring!