10 കോടിയുടെ ചാരിറ്റി പ്രവര്‍ത്തനവുമായി ഡോ കെ ടി റബിയുള്ള

10 കോടിയുടെ ചാരിറ്റി പ്രവര്‍ത്തനവുമായി ഡോ കെ ടി റബിയുള്ള

കോഴിക്കോട്: മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 10 കോടി രൂപയുടെ കാരുണ്യ പ്രവര്‍ത്തികള്‍ നടത്താന്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറു പേര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ വെച്ചാണ് ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഭാവി സാമൂഹ്യ പ്രവര്‍ത്തികള്‍ വിവരിച്ചത്.  വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായവും, വീട് വെക്കുന്നതിനുള്ള സഹായവും, ചികില്‍സാ സഹായവും കോഴിക്കോട് പ്രസ് ക്ലബില്‍ ഇന്നലെ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവുമായ ഡോ കെ ടി റബിയുള്ളയുടെ നേതൃത്വത്തിലാണ് മൂന്ന് വര്‍ഷം കൊണ്ട് ദുരിതമനുഭവിക്കുന്ന വിവിധ ആളുകള്‍ക്ക് സഹായമെത്തിക്കുന്നത്.  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളും, വിവിധ വ്യക്തികള്‍ കൈമാറുന്ന വിവരങ്ങള്‍ ആധികാരികമായി അന്വേഷിച്ച ശേഷമാകും സഹായധനം കൈപ്പറ്റുന്നതിനുള്ള വ്യക്തികളെ തിരഞ്ഞെടുക്കുക.

കോഴിക്കോട് നടന്ന ചടങ്ങില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പൊന്നാനി ചമ്രവട്ടം അഴീക്കല്‍ സ്വദേശിനി വിജിത നൗഖ, മാറഞ്ചേരി മുക്കാല മുക്കണ്ടത്ത് മുഹമ്മദിന്റെ മകള്‍ റംസീന എന്നിവര്‍ക്കാണ് തുടര്‍ വിദ്യാഭ്യാസത്തിനും, വീട് നവീകരിക്കുന്നതിനുമുള്ള സഹായം കൈമാറിയത്.  വിജിത നൗഖയ്ക്ക് ഒരു ലക്ഷം രൂപയും, റംസീനയ്ക്ക് 3,60,000 രൂപയും ചടങ്ങില്‍ കൈമാറി.

ഏഷ്യന്‍ യൂണിവേഴ്‌സിറ്റി സോഫ്റ്റബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെലക്ഷന്‍ കിട്ടിയിട്ടും പോകുവാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ മലപ്പുറം പൂക്കിപറമ്പ് വാളക്കുളം സ്വദേശിനി പിലാക്കടവത്ത് ആയിഷയ്ക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ധനസഹായവും ചടങ്ങില്‍ കൈമാറി.  2 ലക്ഷം രൂപയാണ് ആയിഷയ്ക്ക് നല്‍കിയത്.  ആയിഷ ഈ മാസം 18ന് തായ്‌വാനില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി പുറപ്പെടും.

പ്ലാസ്റ്റിക് ഷീറ്റും, പ്ലൈവുഡിന്റെ ഭിത്തിയും കൊണ്ടുടാക്കിയ ഒറ്റമുറി വീട്ടില്‍ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ മൂന്നു കുട്ടികളുമായി ജീവിക്കുന്ന ഫോര്‍ട്ട് കൊച്ചി സാന്തോം കോളനിയിലെ വാലുമ്മല്‍ കനാലിനോട് ചേര്‍ന്നുള്ള പുറമ്പോക്കില്‍ കഴിയുന്ന ബിന്ദുവിന് വീട് നിര്‍മിക്കുവാനും മക്കളുടെ പഠനത്തിനുമായി ആദ്യഘട്ട സഹായമായി ഒരു ലക്ഷം രൂപ നല്‍കി.  പ്ലസ് ടു വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ അഭിരാമി, ഈ വര്‍ഷം എസ് എസ് എല്‍ സി പാസായ രണ്ടാമത്തെ മകള്‍ അമൃത, എട്ടാം ക്ലാസുകാരന്‍ അയ്യപ്പദാസ് എന്നിവരുടെ തുടര്‍ പഠനത്തിനും, വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുമായി രണ്ടു ലക്ഷം രൂപ വീതം ഇനിയുള്ള അഞ്ച് വര്‍ഷം ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അജ്ഞാത വാഹനമിടിച്ച് ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി 20 വയസുകാരന്‍ റഈസിന് രണ്ടു ലക്ഷം രൂപ ചികില്‍സാ ധനസഹായം ചടങ്ങില്‍ കൈമാറി.  ആശുപത്രി ബില്ലായി വന്ന ആറു ലക്ഷം രൂപയില്‍ അടക്കാന്‍ ബാക്കിയുണ്ടായിരുന്ന തുകയാണിത്.

കൊല്ലം ജില്ലയിലെ പരവൂരില്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം ഡോ കെ ടി റബിയുള്ള ധനസഹായം നല്‍കിയിരുന്നു.  പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവിന് അഞ്ചു സെന്റ് സ്ഥലവും, മൂന്ന് ലക്ഷം രൂപയും ഡോ കെ ടി റബിയുള്ള പ്രഖ്യാപിച്ചിട്ടുണ്ട്.

ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉപദേശകസമിതി ചെയര്‍മാന്‍മാരായ കെ പി മുഹമ്മദ്കുട്ടി (സൗദി അറേബ്യ), ഇ എം നജീബ് (ഒമാന്‍), സി ഇ ഒ അഷ്‌റഫ് വേങ്ങാട് (റിയാദ്), മസ്‌ക്കത്ത് ശിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഷാക്കിര്‍, മീഡിയ വൈസ് പ്രസിഡന്റ് സതീഷ് എന്നിവര്‍ ധനസഹായം കൈമാറി.

Sharing is caring!