ജിഷയുടെ മരണം; മന്ത്രി അനില്‍കുമാറിനെതിരെ പ്രതിഷേധം

ജിഷയുടെ മരണം; മന്ത്രി അനില്‍കുമാറിനെതിരെ പ്രതിഷേധം

മലപ്പുറം: പട്ടികജാതി വികസന വകുപ്പിന്റെ വീഴ്ച്ചയാണ് അക്രമിക്ക് ഏത് സമയവും കടന്നു ചെല്ലാവുന്ന വിധത്തിലുള്ള ഒരു വീട്ടില്‍ ജിഷയ്ക്കും അമ്മയ്ക്കും വര്‍ഷങ്ങളായി കഴിയേണ്ടി വന്നതെന്ന് ആരോപിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍കുമാറിന്റെ മലപ്പുറത്തെ വസതിയിലേക്ക് വെള്ളിയാഴ്ച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.  ജിഷയുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ പട്ടികജാതി വികസന വകുപ്പിന്റെ വീഴ്ച്ചയും ഉള്‍പ്പെടും.  ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ജിഷയ്ക്കും കുടുംബത്തിനും വേണ്ട സമയത്ത് സഹായമെത്തിക്കാന്‍ പട്ടികജാതി വികസന വകുപ്പിന് ആയില്ല.  പട്ടികജാതി വികസന വകുപ്പ് സംസ്ഥാനത്ത് നിര്‍ജീവമായ അവസ്ഥയിലാണ്.  വകുപ്പ് മന്ത്രിക്ക് പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തേക്കാള്‍ താല്‍പര്യം ടൂറിസം മന്ത്രിയെന്ന നിലയില്‍ നാടു ചുറ്റാനാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വീനര്‍ മാത്യു സെബാസ്റ്റ്യന്‍ ആരോപിച്ചു.  ഈ നിഷ്ഠൂര കൊലപാതകത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രി എ പി അനില്‍കുമാറിന് മാറി നില്‍ക്കാനാകില്ല.  കാലാവധി അവസാനിക്കാന്‍ ഒരാഴ്ച്ച കൂടിയേ ഉള്ളുവെങ്കിലും ഈ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന് മാത്യു സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

മന്ത്രിയുടെ മണ്ഡലമായ വണ്ടൂരിലടക്കം ആയിരകണക്കിന് പട്ടികജാതി കുടുംബങ്ങള്‍ അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലാതെ ദുരിതത്തിലാണ്.  ഇക്കാര്യങ്ങള്‍ കാണാനോ, കേള്‍ക്കാനോ മന്ത്രി സമയം കണ്ടെത്തിയിട്ടില്ലെന്നും മാത്യു സെബാസ്റ്റിയന്‍ പറഞ്ഞു.  ഇവരുടെ കാര്യത്തില്‍ പട്ടികജാതി വികസന വകുപ്പ് അടിയന്തിര നടപടി എടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ജിഷയുടെ ഘാതകരെ പിടികൂടുന്നതില്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.  ഈ കൊലയ്ക്ക് പിന്നിലുള്ളവരെ പിടികൂടുന്നതില്‍ അലംഭാവം തുടര്‍ന്നാല്‍ കൂടുതല്‍ ശ്ക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മുണ്ടുപറമ്പ് ബൈപ്പാസില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് മന്ത്രിയുടെ വസതിക്ക് സമീപം പൊലീസ് തടഞ്ഞു.  മാത്യു സെബാസ്റ്റ്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.  ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ അഡ്വ മോഹന്‍ ജോര്‍ജ്, സാബു പൊന്‍വേലി, കെ യു തോമസ്, പയസ് ജോണ്‍, കെ വി ജോസഫ്, പള്ളി കുഞ്ഞാപ്പ, കെ സി മാത്യു, കെ കെ ജോര്‍ജ്, ടി ഡി ജോയ്, എം എ വിറ്റാജ്, എം എം മാനുവല്‍, ബാബു കാവില്‍, കെ ടി സജീവ്കുമാര്‍, ട്വിങ്കിള്‍ പൊന്നാട്ട്, സെബ്‌സറ്റിയന്‍ പുതുപറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!