രാഷ്ട്രീയത്തിലെ മികച്ച അധ്യാപകനെ മേയ് 19 ന് അറിയാം
മലപ്പുറം: മലപ്പുറത്തെ എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റായ തവനൂരില്‍ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. സിറ്റിംഗ് എല്‍.എല്‍.എയായ കെ.ടി ജലീല്‍തന്നെ വീണ്ടും സി.പി.എം സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി അങ്കത്തിനിറങ്ങിയപ്പോള്‍ കന്നിക്കാരനായ പി. ഇഫ്ത്തിക്കാറുദ്ദീനാണ് കോണ്‍ഗ്രസ് സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ലീഗിന്റെ തലതൊട്ടപ്പനായ പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെ അടിയറവു പറയിച്ചു തുടങ്ങിയ കെ.ടി ജലീലെന്ന പോരാളിയുടെ തേരോട്ടത്തെ പിടിച്ചുകെട്ടാന്‍ കന്നിയങ്കക്കാരന് കഴിയുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. അതോടൊപ്പം മേഖലയിലെ സി.പി.എം വിഭാഗീയതയും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് നേതൃത്വം കണക്ക്കൂട്ടുന്നു. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം സ്ഥാനാര്‍ഥിയായ ഇഫ്ത്തിഖാറുദ്ദീന് കടുത്ത മത്സരത്തിന് സജ്ജമാണ്. തെരഞ്ഞെടുപ്പ് അങ്കത്തെ കൂടുതല്‍ വരിഞ്ഞു മുറുക്കാന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി നേതാവ് രവി തേലത്തും കളം നിറഞ്ഞ് മണ്ഡലത്തിലുണ്ട്. മൂന്ന് മുന്നണികളുടേയും വോട്ടില്‍ ഭിന്നിപ്പുണ്ടാക്കി സാന്നിധ്യമുറപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ടിയുടെ മുഹമ്മദ് പൊന്നാനിയും പി.ഡി.പിയുടെ അലി കാടാമ്പുഴയും പ്രചരണ രംഗത്ത് സജീവമാണ്.
അഞ്ചുവര്‍ഷം മുന്‍പ് രൂപീകൃതമായ മണ്ഡലത്തിന് പാശ്ചാത്തല സൗകര്യമുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ പൂര്ത്തീകരിക്കാനുണ്ടെന്നതു പ്രചരണ രംഗത്തെ വീറുറ്റതാക്കി മാറ്റുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷം പരമാവധി വികസനം എത്തിക്കാനായെന്നത് പട്ടിക നിരത്തി എല്‍.ഡി.എഫ് അക്കമിടുമ്പോള്, പാഴായ അഞ്ചുവര്‍ഷമെന്ന തലക്കെട്ടോടെയാണ് യു ഡി എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. ഇത്രയും കാലം തവനൂരിന് ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇനിയെന്തെങ്കിലും ചെയ്യാനാകുമോയെന്നതില്‍ പ്രതീക്ഷക്ക് വകയില്ലെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം നടന്ന രണ്ടു പൊതു തെരഞ്ഞെടുപ്പുകളിലും തവനൂര്‍ മണ്ഡലം വന്‍ഭൂരിപക്ഷത്തോടെ ഒപ്പം നിന്നുവെന്നതാണ് എല്‍ ഡി എഫിന് നല്കുന്ന ശുഭപ്രതീക്ഷ. മണ്ഡലത്തിനനുവദിച്ച സര്‍ക്കാര്‍ കോളജിന് സ്വന്തമായി സ്ഥലമോ, സൗകര്യമോ ലഭ്യമാക്കാതെ വികസന മുരടിപ്പിലേക്ക് മണ്ഡലത്തെ ഒതുക്കിയെന്ന പ്രചരണം ഗുണകരമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടല്‍. ബി ജെ പി നേതൃനിരയിലെ പ്രമുഖനായ രവി തേലത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നിര്ണ്ണായകമുന്നേറ്റങ്ങള്ക്ക് വഴിവെക്കുമെന്ന കണക്കുകൂട്ടലാണ് എന്‍ ഡി എ നേതൃത്വത്തിന്.
6854 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2011ല്‍ കെ.ടി ജലീല്‍ തവനൂരില്‍ നിന്ന് വിജയിച്ചത്. വി.വി പ്രകാശിനെയായിരുന്നു പരാജയപ്പെടുത്തിയത്. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നുള്ള എല്‍ ഡി എഫ് ഭൂരിപക്ഷം 9170 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 8500 ലെത്തി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചും എല്‍.ഡി.എഫിനൊപ്പമാണ്. എടപ്പാള്‍, വട്ടംകുളം, കാലടി, പുറത്തൂര്‍, തൃപ്രങ്ങോട് പഞ്ചായത്തുകളാണ് എല്‍.ഡി.എഫ് ഭരണത്തിലുള്ളത്. യു.ഡി.എഫിന്റെ ഭാഗമായി മംഗലം മാത്രമാണുള്ളത്. തവനൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് വിമതന്റെ പിന്തുണയിലാണ് ഭരണം.തവനൂരില്‍ വിജയിക്കുകയെന്നതിനൊപ്പം കെ.ടി ജലീലിനെ പരാജയപ്പെടുത്തുകയെന്ന ദൗത്യം കൂടി മുന്നില്‍ വെച്ചാണ് യു.ഡി. എഫിന്റെ പ്രവര്‍ത്തനം. വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള പ്രചരണത്തിനാണ് മുഴുവന്‍ സ്ഥാനാര്‍ത്ഥികളും മുന്‍ഗണന നല്‍കിയത്. ബൈക്കില്‍ സഞ്ചരിച്ചാണ് കെ ടി ജലീല്‍ വോട്ടര്മാര്ക്കുമുന്നിലെത്തുന്നത്. തൊട്ടുമുന്നിലും പിന്നിലുമായി മറ്റു സ്ഥാനാര്‍ത്ഥികളുമുണ്ടാകും.
തവനൂരില്ജലീലിനെ മാറ്റി, ഇക്കുറി പാര്‍ട്ടി ചിഹ് നത്തില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മില്‍ ഒരുവിഭാഗം ചരടുവലിച്ചിരുന്നു. എന്നാല്‍, പിണറായിയുമായി അടുത്തബന്ധമുള്ള ജലീലിന്റെ വഴിമുടക്കാനായില്ല. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്നു. 15,000 വോട്ടിന്റെ ഭൂരിപക്ഷമാണു നോട്ടം. 2006ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ സാക്ഷാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണു ജലീല്‍ ശ്രദ്ധ്രയനായത്. ലീഗ് വിട്ട് സി.പി.എം. സ്വതന്ത്രനായ ജലീലിന് അന്ന് 8781 വോട്ടിന്റെ ഭൂരിപക്ഷം കുറ്റിപ്പുറത്തുകാര്‍ നല്കി. മണ്ഡലം പുനര്‍നിര്‍ണയത്തില്‍ കുറ്റിപ്പുറം ഇല്ലാതാകുകയും തവനൂര്‍ രൂപീകരിക്കുകയും ചെയ്തു. പൊന്നാനിയില്‍നിന്ന് എടപ്പാളും തിരൂരിലെ ഭൂരിഭാഗം പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്തു. വീണ്ടും മത്സരിക്കുന്നതിനു മുന്നോടിയായി, കെ.ടി. ജലീലിന്റെ മലബാര്‍ കലാപം: ഒരു പുനര്‍വായന എന്ന പുസ്തകത്തിന്റെ പ്രകാശനം എടപ്പാളില്‍ നടത്തുകയും അതിനായി നടന് മമ്മൂട്ടിയെത്തന്നെ എത്തിക്കുകയും ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാപഞ്ചായത്ത് മുന്‍ അംഗവുമായ പി. ജ്യോതിഭാസിനെ തവനൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി നിര്‍മല കുട്ടിക്കൃഷ്ണനു ലഭിച്ചത് ഏഴായിരത്തിലധികംവോട്ടാണ്. എന്നാല്‍ തുടര്‍ന്നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്നു ബി.ജെ.പിക്ക് 14,000 വോട്ട് ലഭിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍നിന്നു ബി.ജെ.പിക്കു ലഭിച്ചത് 19,235 വോട്ട്. കോളേജ് അധ്യാപകനായ ജലീലും, ഹയര്‍സെക്കണ്ടറി അധ്യാപകനായ ഇഫ്ത്തിക്കാറുദ്ദീനും നേര്‍ക്കുനേര്‍ ഏറ്റമുട്ടുമ്പോള്‍ രാഷ്ട്രീയത്തിലെ മികച്ച അധ്യാപകനാരെന്നതറിയാന് മെയ് 19 വരെ കാത്തു നില്ക്കേണ്ടിവരും.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]