തരംഗം സൃഷ്ടിക്കാന്‍ ഗഫൂര്‍ പി. ലില്ലീസിനായി സെല്‍ഫീ വീഡിയോസ്

തരംഗം സൃഷ്ടിക്കാന്‍ ഗഫൂര്‍ പി. ലില്ലീസിനായി സെല്‍ഫീ വീഡിയോസ്

മലപ്പുറം: തൃപ്പൂണിത്തറയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് പിന്നാലെ സെല്‍ഫീ വീഡിയോ പ്രചരണവുമായി തിരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസും. പുതുമയുള്ള ഈ തെരഞ്ഞെടുപ്പ് പ്രചരണം വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെ അനുദിനം പ്രചരണം വര്‍ധിച്ചുവരികയാണ്. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് വോട്ടര്‍മാരും അല്ലാത്തവരും സ്വന്തമായി മൊബൈലില്‍ വീഡിയോ പകര്‍ത്തി ഇവ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുന്ന രീതിയാണിത്. അതത് മണ്ഡലത്തില്‍ നിന്നുള്ള വോട്ടര്‍മാരേക്കാള്‍ കൂടുതലും സെല്‍ഫി വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് പ്രവാസികളാണ്. വോട്ട്‌ചെയ്യാന്‍ പോലും അവസരമില്ലാത്ത പ്രവാസികള്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയാണ് സെല്‍ഫി വീഡിയോയിലൂടെ ചെയ്യുന്നത്.
ഗഫൂര്‍ പി. ലില്ലീസിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലാണു കഴിഞ്ഞ ദിവസങ്ങളിലായി സെല്‍ഫീ വീഡിയോകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ നിരവധി സെല്‍ഫി വീഡിയോകളാണ് ഗഫൂര്‍ പി.ലില്ലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂം ട്വിറ്ററിലൂം വാട്‌സ് ആപ്പിലൂം എത്തിയത്. ഗഫൂര്‍ പി. ലില്ലീസിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എന്റെ വോട്ട് ഗഫൂര്‍ പി.ലില്ലീസനാണെന്നും പറയുന്ന സെല്‍ഫി വീഡിയോകള്‍ തിരൂരില്‍ നിന്ന് തുടങ്ങി പ്രവാസ ലോകത്തുനിന്നുവരെ സോഷ്യല്‍ മീഡിയകളിലെത്തിയിട്ടുണ്ട്. ഇത്തരം സെല്‍ഫി വീഡിയോകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണെന്നും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവരടക്കം ഇത്തരം ഇത്തരം സെല്‍ഫി വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഗഫൂര്‍ പി.ലില്ലീസിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മണ്ഡലത്തില്‍നിന്നുള്ളവര്‍ തന്റെ കുടുംബത്തിന്റേയും വോട്ട് ഗഫൂര്‍ പി.ലില്ലീസിനാണെന്നും നിങ്ങളും ലില്ലീസിന് തന്നെ വോട്ട്‌ചെയ്യണമെന്നും അഭ്യര്‍ഥിച്ച് ഇവ സ്വന്തമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയാണു സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിക്കുന്നത്. അതോടൊപ്പം സ്ഥാനാര്‍ഥി പ്രചരണത്തില്‍ വരുത്തേണ്ട മാറ്റങ്ങളും നിലവിലെ തിരൂരിലെ പ്രശ്‌നങ്ങളും ഇത്തരം വീഡിയോകള്‍ വഴിയും മെസ്സേജുകള്‍ വഴിയും സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെത്തുന്നുണ്ട്. അഞ്ചാംക്ലാസ് വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍വരെ ഇത്തരം സെല്‍ഫി വീഡിയോകള്‍ അയക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം വീഡിയോകളും യുവാക്കളുടേതാണ്. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനുവിന്റെ സെല്‍ഫി വീഡിയോയും ഇക്കൂട്ടത്തില്‍പെടും. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ പുതിയവോട്ടര്‍മാര്‍ കൂടുതലുള്ള തിരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയാ പ്രചരണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
ഗഫൂര്‍ പി. ലില്ലീസിനായി കഴിഞ്ഞ ദിവസം ആരംഭിച്ച പ്രത്യേക മൊബൈല്‍ ആപ്പ് വഴി വരുന്ന മെസ്സേജുകളില്‍ കൂടുതലും ആശംസകളെക്കാള്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളാണെന്നും അധികൃതര്‍ പറഞ്ഞു.

Sharing is caring!