ആകര്‍ഷകമായ തൊഴില്‍ദായകനുള്ള പുരസ്‌കാരം ഗൂഗിളിന്

ആകര്‍ഷകമായ തൊഴില്‍ദായകനുള്ള  പുരസ്‌കാരം ഗൂഗിളിന്

മലപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ദായകനുള്ള റാന്‍സ്റ്റാഡ് അവാര്‍ഡ് ഇത്തവണയും  ഗൂഗിള്‍ ഇന്ത്യയ്ക്ക്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് പുരസ്‌കാരം ഗൂഗിളിന് ലഭിക്കുന്നത് . മെഴ്‌സഡസ് ബെന്‍സാണ് രണ്ടാം സ്ഥാനത്ത്
ഡെല്‍ ഇന്ത്യ (ഐടി), സാംസംഗ് ഇന്ത്യ (കണ്‍സ്യൂമര്‍ ഇല്ക്‌ട്രോണിക്‌സ്), ആമസോണ്‍ ഇന്ത്യ( ഇ-കൊമേഴ്‌സ്) എന്നീ കമ്പനികള്‍ വിവിധ മേഖലകളിലെ ഏറ്റവും ആകര്‍ഷകരായ തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടി.
ലോകത്തെ 25 രാജ്യങ്ങളിലെ രണ്ടുലക്ഷത്തിലധികം പേരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വിവരങ്ങളെ ആശ്രയിച്ചാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുത്തതെന്ന്  റാന്‍സ്റ്റാഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. മൂര്‍ത്തി കെ ഉപ്പലുരി അറിയിച്ചു.
സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളനുസരിച്ച് ഇന്ത്യന്‍ ജോലിക്കാരന്‍ ജോലിക്കുള്ള കമ്പനി തെരഞ്ഞെടുക്കുന്നതില്‍ പ്രഥമ മാനദണ്ഡമായി കണക്കാക്കുന്നത് നല്ല ശമ്പളത്തേയും മറ്റ് ആനുകൂല്യങ്ങളേയുമാണ്. സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനത്തിന്റേയും മുന്‍ഗണന ഇതാണ്. ദീര്‍ഘകാല തൊഴില്‍ സുരക്ഷിതത്ത്വം (46 ശതമാനം), കമ്പനിയുടെ സാമ്പത്തികാരോഗ്യം ( 43 ശതമാനം), സന്തോഷകരമായ തൊഴില്‍ അന്തരീക്ഷം(40 ശതമാനം), ജോലി- ജീവിത സന്തുലനം(38 ശതമാനം) എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. എന്നാല്‍ 2015-നേ അപേക്ഷിച്ച് ശമ്പളത്തിനുള്ള സ്ഥാനത്തില്‍ ആറു ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യാനിഷ്ടപ്പെടുന്ന മേഖല ഐടി ആന്‍ഡ് കമ്യൂണിക്കേഷനാണെന്നു സര്‍വേ വെളിപ്പെടുത്തുന്നു. ഈ മേഖലയില്‍ പണിയെടുക്കാനാഗ്രഹിക്കുന്നവര്‍ 70 ശതമാനമാണ്. രണ്ടാം സ്ഥാനം ഓട്ടോമൊബൈല്‍സ് മേഖലയ്ക്കാണ്. അറുപത്തിയാറു ശതമാനം. മൂന്നാം സ്ഥാനത്ത് എഫ്എംസിജി , റീട്ടെയില്‍, ഇ-കൊമോഴ്‌സ് എന്നീ  മേഖലയാണ്. 64 ശതമാനം.
ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ ഇരുപത്തിയഞ്ചു രാജ്യങ്ങളില്‍നിന്നുള്ള  ജോലിക്കാരുടെ ഇടയിലാണ് റാന്‍സ്റ്റാഡ് അവാര്‍ഡ് സര്‍വേ നടത്തിയത്. എച്ച് ആര്‍, സ്റ്റാഫ് അംഗങ്ങള്‍, വിദഗ്ധര്‍ എന്നിവരെ ഒഴിവാക്കിയാണ് സര്‍വേ നടത്തിയത്. ഓരോ രാജ്യത്തുനിന്നും നൂറ്റമ്പതിലധികം വലിയ കമ്പനികളെ സര്‍വേയ്ക്കായി തെരഞ്ഞെടുത്തിരുന്നു.
റിക്രൂട്ടമെന്റ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്  ഉള്‍പ്പെടെ മനുഷ്യവിഭവശേഷി സേവനം നല്‍കി വരുന്ന കമ്പനിയാണ് റാന്‍സ്റ്റാഡ് ഇന്ത്യ. ലോകത്തിലെ 39 രാജ്യങ്ങളില്‍ റാന്‍സ്റ്റാഡ് ഗ്രൂപ്പ് ഈ സേവനങ്ങള്‍ നല്‍കിവരുന്നു.

Sharing is caring!