സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം 25ന്‌

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കും, പുല്ലു വിരിച്ച ഫുട്‌ബോള്‍ മൈതാനവും ഏപ്രില്‍ 25ന് കായിക ലോകത്തിന് സമര്‍പ്പിക്കും.  ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ട്രാക്കുകളില്‍ ഒന്നായും, കേരളത്തിലെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കായും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ട്രാക്കിനെ വിദഗ്ധര്‍ വിലയിരുത്തി കഴിഞ്ഞുവെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.  സര്‍വകലാശാലയെ പ്രതിനിധീകരിച്ച് വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്ത എല്ലാവരേയും വേദിയില്‍ അണിനിരത്തി ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ ശ്രമം.  ഇവര്‍ക്കു പുറമേ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ഉദ്ഘാടന വേദിയില്‍ അണിനിരക്കും.

5.50 കോടി രൂപ ചെലവില്‍ ദേശീയ കായിക യുവജന ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ട്രാക്കും, ഫുട്‌ബോള്‍ ഫീല്‍ഡും നിര്‍മിച്ചത്.  ദേശീയ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ‘പോളിറ്റാന്‍’ എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.

മെയ് മാസം 26, 27, 28 തിയതികളില്‍ നടക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിനാണ് ട്രാക്ക് ആദ്യം ആതിഥ്യമരുളുക.  രണ്ട് 400 മീറ്റര്‍ ട്രാക്കും, രണ്ടു പുല്ലു വിരിച്ച ഫുട്‌ബോള്‍ മൈതാനവുമുള്ള രാജ്യത്തെ ആദ്യ സ്റ്റേഡിയമാണ് കാലിക്കറ്റ് സര്‍വകലാശാലയിലേതെന്ന് സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ വി പി സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

സര്‍വകലാശാലയെ പ്രതീനിധീകരിച്ച കായിക താരങ്ങള്‍ ഇതൊരു അറിയിപ്പായി കണ്ട് ഉദ്ഘാടന ചടങ്ങിന് എത്തിച്ചേരണമെന്ന് സ്ംഘാടകര്‍ അറിയിച്ചു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *