പരവൂര്‍ അപകടത്തില്‍ കൈത്താങ്ങായി റബിയുള്ള

പരവൂര്‍ അപകടത്തില്‍ കൈത്താങ്ങായി റബിയുള്ള

മലപ്പുറം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്ക് ആശ്വാസമായി ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ കെ ടി റബിയുള്ള.  മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 50,000രൂപ വീതം ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് നല്‍കും.  ഇവരില്‍ അര്‍ഹരായവര്‍ക്ക് ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗള്‍ഫ് മേഖലയില്‍ വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സാമൂഹ്യ സേവനരംഗത്തും തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.  വെടിക്കെട്ട് അപകടത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ ഡോ കെ ടി റബിയുള്ള മരിച്ചവരുടെ ബന്ധുക്കളില്‍ അര്‍ഹതയും, മതിയായ യോഗ്യതയും ഉള്ളവര്‍ക്ക് ജോലി നല്‍കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.  ഇന്ത്യയെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ച ദുരന്തമാണ് കൊല്ലം പരവൂരില്‍ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  ദുരന്തത്തില്‍ ജാതിമത ഭേദമന്യേ രക്ഷാപ്രവര്‍ത്തനത്തിനും, രക്തദാനത്തിനുമെല്ലാം എത്തിയവരെ അദ്ദേഹം അഭിനന്ദിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നേതൃത്വം നല്‍കിയ രക്ഷാപ്രവര്‍ത്തനം മാതൃകാപരമായിരുനെന്നും വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി അവാര്‍ഡിന് അര്‍ഹനായ അദ്ദേഹം ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് പ്രഖ്യാപിച്ച തുക ഉടന്‍ തന്നെ വിതരണം ചെയ്യുമെന്ന് അറിയിച്ചു.

Sharing is caring!