അബ്ദുല്‍ വഹാബ് എം പിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

അബ്ദുല്‍ വഹാബ് എം പിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

നിലമ്പൂര്‍: മരണമടഞ്ഞ മകനെ അവസാനമായി ഒരു നോക്കു കാണാന്‍ വിമാന ടിക്കറ്റ് ലഭിക്കാതെ വിഷമിച്ച പിതാവിന് സ്വന്തം ടിക്കറ്റ് നല്‍കി യാത്രയാക്കിയ പി വി അബ്ദുല്‍ വഹാബ് എം പിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം.  ദുബായില്‍ ജോലി ചെയ്യുന്ന നാദാപുരം കുറുവന്തേരി സ്വദേശി ഭീമംകുഴിയില്‍ മഹമൂദിനെയാണ് സ്വന്തം ടിക്കറ്റ് നല്‍കി എം പി നാട്ടിലേക്ക് യാത്രയാക്കിയത്.  എം പി കാണുമ്പോള്‍ തിരക്കു കാരണം ഒരു വിമാനത്തിലും ടിക്കറ്റ് ലഭിക്കാതെ നാട്ടിലേക്ക തിരിക്കാന്‍ കഴിയാതെ ദുബായ് വിമാനത്താവളത്തില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്നു മഹമൂദ്.

ബുധനാഴ്ച രാവിലെയാണ് മഹമൂദിന്റെ 15 വയസുകാരനായ മകന്‍ മരിച്ചത്.  ഈ വിവരം അറിഞ്ഞ ഉടനെ അദ്ദേഹം നാട്ടിലേക്കുള്ള വിമാനടിക്കറ്റിന് ശ്രമം തുടങ്ങിയിരുന്നു.  എന്നാല്‍ തിരക്കു കാരണം ഒരു വിമാനത്തിലും അദ്ദേഹത്തിന് ടിക്കറ്റ് ലഭിച്ചില്ല.  എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹവുമായാണ് അദ്ദേഹം ദുബായ് വിമാനത്താവളത്തിലേക്ക് തിരിച്ചത്.  അവിടെ അന്വേഷിച്ചിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ മഹമൂദിന്റെ എല്ലാ പ്രതീക്ഷയും നഷ്ടമായി.

ഇദ്ദേഹത്തിന്റെ സൂഹൃത്തുക്കളാണ് വിമാനത്താവളത്തില്‍ പി വി അബ്ദുല്‍ വഹാബ് എം പിയെ കണ്ടത്.  അദ്ദേഹം ടിക്കറ്റ് ലഭിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ എം പിയോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.  മറ്റു മാര്‍ഗങ്ങള്‍ ഒന്നും ആലോചിക്കാന്‍ നിക്കാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റില്‍ ബോര്‍ഡിങ് പാസെടുത്ത് യാത്ര പുറപ്പെടാന്‍ നിന്ന പി വി അബ്ദുല്‍ വഹാബ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് മഹമൂദിന് നാട്ടിലേക്ക് പോകാനുള്ള സൗകര്യം ചെയ്യുകയായിരുന്നു.

ഇങ്ങനെ ഒരു അവസ്ഥയിലുള്ള പിതാവിന്റെ ദുഖം ഊഹിക്കാവുന്നതിലും അപ്പുറമാണ്.  ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമ്മുക്കാവില്ല.  ഈയൊരു അവസ്ഥ ആര്‍ക്കും വരരുത്.  അത്രമാത്രമേ ടിക്കറ്റ് അദ്ദേഹത്തിന് നല്‍കുമ്പോള്‍ ചിന്തിച്ചുള്ളുവെന്ന് എം പി പറഞ്ഞു.

ഈ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.  എം പിയുടെ പ്രവര്‍ത്തി രാഷ്ട്രീയ സേവകര്‍ ഏവരും മാതൃകയാക്കേണ്ടതാണെന്നാണ പലരും പറയുന്നത്.  മാനുഷിക മൂല്യങ്ങള്‍ക്ക് വിലമതിക്കുന്നവര്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ ഉണ്ടെന്നും പലരും ചൂണ്ടികാട്ടുന്നു.

Sharing is caring!