വോട്ടിന്റെ മഹത്വം അറിയിക്കാന്‍ കലക്ടര്‍ കോളനിയില്‍

വോട്ടിന്റെ മഹത്വം അറിയിക്കാന്‍ കലക്ടര്‍ കോളനിയില്‍

നിലമ്പൂര്‍: ജനാധിപത്യത്തിന്റെ കരുത്തും സമ്മതിദാന അവകാശത്തിന്റെ മഹത്വവും നേരില്‍ ബോധ്യപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ നിലമ്പൂരിലെ ആദിവാസി കോളനികളിലെത്തി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുതിന് ആദിവാസികളെ പരിശീലിപ്പിക്കുതിനും വോട്ടര്‍പട്ടികയില്‍ അവരുടെ പേര് ചേര്‍ക്കുന്നതിനുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ഊരുകളില്‍ നേരിട്ടെത്തിയത്.

ചാലിയാര്‍ പഞ്ചായത്ത് പുള്ളിപ്പാടം വില്ലേജിലെ വെണ്ണേക്കോട്, പെരുവമ്പാടം കോളനികളില്‍ പ്രത്യേക ക്യാംപുകള്‍ നടത്തി വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആദിവാസികളെ ചേര്‍ക്കുകയും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വോട്ട് ചെയ്യിച്ച് പരിശീലനം നല്‍കുകയും ചെയ്തു. വെണ്ണേക്കോട് ബദല്‍ സ്‌കൂളില്‍ ഒരുക്കിയ ക്യാംപില്‍ പാലക്കയം, വെണ്ണേക്കോട്, വെറ്റിലക്കൊല്ലി, അമ്പുമല കോളനികളെ നൂറുകണക്കിന് ആദിവാസികളാണ് വോട്ടിങ് മെഷീന്‍ പരിചയപ്പെടുന്നതിനും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുമെത്തിയത്. കാട്ടുനായ്ക്കര്‍, പണിയ, മുതുവാന്‍ വിഭാഗത്തില്‍ പെട്ട 150 ഓളം ആദിവാസി കുടുംബങ്ങള്‍ ഈ കോളനികളിലായുണ്ട്. കണക്കന്‍, ചോളന്‍ വിഭാഗത്തിലെ 64 കുടുംബങ്ങള്‍ വസിക്കുന്ന പെരുവമ്പാടത്തും ക്യാംപില്‍ നിരവധി പേര്‍ പങ്കെടുത്തു.

മെയ് 16 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും സ്വന്തം വോട്ടവകാശം വിനിയോഗിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത ഒരാളും കോളനികളില്‍ ഉണ്ടാവരുതെും അതിനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് കോളനികളില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ വോട്ട് എന്റെ അവകാശം എന്ന ബാനറിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ടീഷര്‍ട്ടുകള്‍ അണിഞ്ഞാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കലക്ടറോടൊപ്പം വോട്ടിങ് മെഷീനുകളുമായി കോളനികളിലെത്തിയത്.

നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ പി.ജി. മനോഹരന്‍, റവന്യൂ- തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ കെ. അബ്ദുാസര്‍, അന്‍സു ബാബു, വി.പി. സുരേഷ്ബാബു, പ്രവീണ്‍, നാരായണന്‍കുട്ടി, സുനില്‍രാജ്, അബ്ദുല്‍ ഗഫൂര്‍, ജിസ്‌മോന്‍ പി. വര്‍ഗീസ്, പുള്ളിപ്പാടം വില്ലേജ് ഓഫീസര്‍ കെ.വി. വാസുദേവന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജീഷ് പ്രഭ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!