ഭിന്നശേഷിക്കാരുടെ മികച്ച പരിശീലകര്‍ അമ്മമാര്‍

ഭിന്നശേഷിക്കാരുടെ മികച്ച പരിശീലകര്‍ അമ്മമാര്‍

മലപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഏറ്റവും മികച്ച പരിശീലകര്‍ അവരുടെ അമ്മമാരാണെും കുട്ടികളുടെ ഓരോ ചലനവും മനസ്സിലാക്കി മാറ്റങ്ങള്‍ വരുത്താന്‍ അമ്മമാര്‍ക്ക് കഴിയുന്നത്ര മറ്റാര്‍ക്കുമാവില്ലെന്നും കോട്ടക്കല്‍ ആയുര്‍വേദ കോളെജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.എം.പി. ഈശ്വര ശര്‍മ പറഞ്ഞു. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായി ലോക ഓട്ടിസം ദിനാചരണത്തിന്റെ ഉദ്ഘാടനം അങ്ങാടിപ്പുറത്തെ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കൊഗ്‌നിറ്റീവ് ആന്‍ഡ് കമ്മ്യൂണിക്കബ്‌ലി ചലഞ്ച്ഡ് (റിച്ച്)ല്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശൈശവ ഘട്ടത്തില്‍ ഓട്ടിസം ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ മുതിര്‍ന്നാല്‍ അത് തനിയെ മാറും എന്ന മനോഭാവം ഉപേക്ഷിച്ച് റിച്ച് പോലുള്ള സ്ഥാപനങ്ങളില്‍ കുട്ടികളെ പരിചരണത്തിനായി എത്തിക്കാന്‍ രക്ഷിതാക്കള്‍ താത്പര്യം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുരങ്ങിന് പരിണാമം സംഭവിച്ച് മനുഷ്യനായി മാറിയ കാലഘട്ടത്തില്‍ മനുഷ്യസ്വഭാവം പ്രകടിപ്പിച്ചിരുന്ന കുരങ്ങന്‍മാരെ മറ്റുള്ളവര്‍ അസ്വാഭാവികതയുള്ളവരായി കണക്കാക്കിയിരുന്നു. അതുപോലെ ഇന്ന് ഓട്ടിസം ബാധിച്ചവരെ അസ്വാഭാവികതയുള്ളവരായി നാം കണക്കാക്കുമ്പോള്‍ അത് നാളേക്കുള്ള മനുഷ്യരാശിയുടെ പരിണാമമല്ലെന്ന് ആര്‍ക്ക് പറയാനാകുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ വടക്കേതില്‍ ഹംസ പറഞ്ഞു.

ഓട്ടിസം പരിചരണത്തിലെ ആയുര്‍വേദ രീതികളെപറ്റി കോട്ടക്കല്‍ ആയുര്‍വേദ കോളേജിലെ കൗമാരഭൃത്യ വിഭാഗം മേധാവി ഡോ.കെ.എസ്. ദിനേശ് ക്ലാസെടുത്തു. ഓട്ടിസത്തിന്റെ ശാസ്ത്രീയ രീതികളെപറ്റി കോട്ടയം മെഡിക്കല്‍ കോളെജിലെ മനഃശാസ്ത്ര വിഭാഗം മേധാവി പ്രഫ.ഡോ.വര്‍ഗീസ് പുന്നൂസ് ക്ലാസെടുത്തു. ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങളായ വി.വേണുഗോപാല്‍, പി.വി.പ്രേമ, ഡോ.അബ്ദുല്‍ റസാഖ്, കോട്ടക്കല്‍ ആയുര്‍വേദ കോളെജ് കായചികിത്സ വിഭാഗം മേധാവി പ്രഫ.ഡോ.സി.വി. ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിപ്രിയ, ശ്രീജിത്, ലിയ.കെ.റോയ്, അശ്വതി മോഹന്‍ദാസ്, ഷിബിന്‍ ജേക്കബ് തുടങ്ങിയവര്‍ ഓട്ടിസവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Sharing is caring!