പുനലൂര്‍ സീറ്റില്‍ അവകാശം ഉന്നയിച്ച് മുസ്ലിം ലീഗ്‌

പുനലൂര്‍ സീറ്റില്‍ അവകാശം ഉന്നയിച്ച് മുസ്ലിം ലീഗ്‌

മലപ്പുറം: മുസ്ലിം ലീഗ്-കോണ്‍ഗ്രസ് സീറ്റ് തര്‍ക്കത്തിന് പരിഹാരമാകുന്നു.  ഇരവിപുരം മണ്ഡലത്തിനു പകരം പുനലൂര്‍ നല്‍കിയാല്‍ മതിയെന്ന് മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.  ഡി വൈ എഫ് ഐയില്‍ നിന്ന് മുസ്ലിം ലീഗിലേക്ക് ചേക്കേറിയ ശ്യാം സുന്ദര്‍ ഇവിടെ സ്ഥാനാര്‍ഥിയായേക്കും.  എന്നാല്‍ സീറ്റ് വിട്ടു നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ കോണ്‍ഗ്രസില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

മുസ്ലിം ലീഗിന് അനുവദിച്ച 24 മണ്ഡലങ്ങളില്‍ 23ലും ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.  സീറ്റ് വെച്ചു മാറുന്നതടക്കമുള്ള കാര്യങ്ങളില്‍ ധാരണയില്‍ എത്തിയ ശേഷമായിരുന്നു ഇത്.  എന്നാല്‍ കൊല്ലം ജില്ലയിലെ ഇരവിപുരത്തിനു പകരം കരുനാഗപ്പള്ളി വേണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു.  ഇതേ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.

ഇതിനിടയില്‍ കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിന് വിട്ടു കൊടുത്തതും പാര്‍ട്ടിക്കുള്ളില്‍ തലവേദന സൃഷ്ടിച്ചു.  പാര്‍ട്ടിയുടെ അവസാന സീറ്റ് സംബന്ധിച്ച് ലീഗ് ഉന്നത നേതൃത്വം പല തവണ ചര്‍ച്ച നടത്തിയ ശേഷമാണ് പുനലൂര്‍ ചോദിക്കാന്‍ ധാരണയായത്.

Sharing is caring!