മാത്യു സെബാസ്റ്റിയന് കര്‍ഷക അവാര്‍ഡ്‌

മാത്യു സെബാസ്റ്റിയന് കര്‍ഷക അവാര്‍ഡ്‌

ജില്ലയിലെ പ്രശസ്ത ജാതി കര്‍ഷകനായ മാത്യു സെബാസ്റ്റിയന്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കര്‍ഷക അവാര്‍ഡിന് അര്‍ഹനായി.  ഡല്‍ഹി കേന്ദ്രമായുള്ള ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച കാര്‍ഷിക കണ്ടുപിടിത്തത്തിനുള്ള അവാര്‍ഡിനാണ് ഇദ്ദേഹം അര്‍ഹനായത്. കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് ‘കേരള ശ്രീ’  ജാതി തൈ വികസിപ്പിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്.  ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കാര്‍ഷിക മേളയില്‍ മാര്‍ച്ച് 21 ന് കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി രാധാ മോഹന്‍ സിങ് അവാര്‍ഡ് സമ്മാനിക്കും.

ഓരോ കാര്‍ഷിക ഉല്‍പന്നത്തിലും നടത്തുന്ന പുതിയ കണ്ടു പിടിത്തങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.  മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്നതും മികച്ച വിളവ് നല്‍കുന്നതുമാണ് ‘കേരള ശ്രീ’  ജാതി തൈകള്‍.  ഇന്ന് രാജ്യത്തുതന്നെ ഏറ്റവും മികച്ച വിളവ് നല്‍കുന്ന ജാതി മരമാണ് കേരള ശ്രീയെന്ന് മാത്യു സെബാസ്റ്റ്യന്‍ പറഞ്ഞു.

കേരള ശ്രീയുടെ 20,000ത്തിലേറെ തൈകള്‍ ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലായി നിലവില്‍  കൃഷി ചെയ്യുന്നുണ്ട്.  ഒരേക്കറില്‍ നൂറു തൈകള്‍ വരെ കൃഷി ചെയ്യാം.  അഞ്ച് വര്‍ഷത്തിനകം മുടക്കുമുതല്‍ തിരിച്ചു കിട്ടുകയും കൃഷി ലാഭകരമാവുകയും ചെയ്യും എന്നതാണ് പുതിയ ഇനം തൈയ്യിന്റെ ഗുണം.  2002 ല്‍ ജാതി കൃഷി ആരംഭിച്ച മാത്യു സെബാസ്റ്റന്‍ 2010 ലാണ് പുതിയ ഇനം തൈ വികസിപ്പിച്ചെടുത്തത്.  നിലവില്‍ പത്ത് ഏക്കറില്‍ ആയിരത്തോളം മരങ്ങള്‍ കവുങ്ങ് തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യുുണ്ട്.  മേലാറ്റൂര്‍ കേന്ദ്രമാക്കി ‘കേരള ശ്രീ’ എന്ന പേരില്‍ നടത്തുന്ന തൈ വിപണന നേഴ്‌സറിയില്‍ തൈയ്യിന്റെ പ്രത്യേകതകള്‍ പഠിക്കാനെത്തുന്നവര്‍ക്ക് താമസ സൗകര്യത്തോടെ കൃഷി രീതികള്‍ പഠിക്കാനും സൗകര്യമുണ്ട്.

Sharing is caring!