സ്‌കൂള്‍ കേന്ദ്രീകരിച്ച് ആരോഗ്യപരിപാലനം

സ്‌കൂള്‍ കേന്ദ്രീകരിച്ച് ആരോഗ്യപരിപാലനം

ശൗചാലയങ്ങളുടെ ശുചിത്വവും വിദ്യാര്‍ഥികളുടെ ആരോഗ്യസംരക്ഷണ വുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുതിന് ജില്ലയിലെ സ്‌കൂളുകളില്‍ സംയുക്ത പരിശോധന നടത്താന്‍ സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപന സമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍, മെയ് വേനല്‍ അവധിക്കാലത്തും തുടര്‍ന്നും പരിശോധനകള്‍ സജീവമാക്കും. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ബി.കൃഷ്ണകുമാര്‍ അധ്യക്ഷനായി.

സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ സ്ഥിതി, വനിതാ സൗഹൃദ ശൗചാലയ സൗകര്യം, ശുചിത്വം, ശുദ്ധജല ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ സാനിധ്യം ഉറപ്പുവരുത്തകയാണ് ലക്ഷ്യം. സ്‌കൂള്‍ ശൗചാലയങ്ങളുടെ വൃത്തിയില്ലായ്മ മൂലം പെണ്‍കുട്ടികള്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും സ്‌കൂള്‍ സമയങ്ങളില്‍ വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും ഇത് ഗുരുതരായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടല്‍ നടത്തും.

വിദ്യാര്‍ഥിനികളുടെ ശുചിത്വത്തിനും ആരോഗ്യസുരക്ഷയ്ക്കുമായി ജില്ലയിലെ 72 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്ത് മുഖേന നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുതിന് നടപടിയായിട്ടുണ്ട്. ഇത് മറ്റ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എക്‌സൈസ് വകുപ്പ് ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനെജര്‍ ഡോ.വി. വിനോദ്, നര്‍ക്കോട്ടിക്‌സ് ഡി.വൈ.എസ്.പി., വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 24.14 ശതമാനം പേരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുതായി സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ആരോഗ്യ പരിശോധനയിലെ കണ്ടെത്തല്‍. 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് 4,86,527 വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ 1,17,483 പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.

9.53 ശതമാനം കുട്ടികള്‍ക്ക് ചര്‍മം, 14.65 ശതമാനം പേര്‍ക്ക് പല്ല് എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളും 11.37 ശതമാനത്തിന് വിളര്‍ച്ചയും 6.11 ശതമാനം പേര്‍ക്ക് തൂക്കക്കുറവുമാണ് പ്രശ്‌നങ്ങള്‍. മറ്റ് അസുഖങ്ങള്‍ നേരിടുന്നവര്‍ (ബ്രാക്കറ്റില്‍ ശതമാനം): കാഴ്ച വൈകല്യം (4.44), ശ്വാസകോശ രോഗങ്ങള്‍ (2.90), ഇ.എന്‍.ടി. പ്രശ്‌നങ്ങള്‍ (2.84), അമിതവണ്ണം (1.11), ആര്‍ത്തവ സമയത്തെ വേദന (1.87), ക്രമരഹിതമായ ആര്‍ത്തവം (1.87), മൂത്രാശയ രോഗങ്ങള്‍ (2.01).

ഇതുകൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം, ലൈംഗിക ചൂഷണം, കൗമാര ഗര്‍ഭധാരണം, പ്രകൃതിവിരുദ്ധ ലൈംഗികത, മാനസിക പിരിമുറുക്കം, ആത്മഹത്യ പ്രവണത തുടങ്ങിയവയും കൊഴിഞ്ഞുപോക്കും വര്‍ധിച്ചുവരുതായി പരിശോധനയില്‍ കണ്ടെത്തി.

വിദ്യാര്‍ഥികളുടെ ആരോഗ്യം ഉറപ്പുവരുത്തുതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ദേശീയ ആരോഗ്യ ദൗത്യം മുഖേന ജില്ലയില്‍ 130 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍ പ്രവര്‍ത്തിക്കുുണ്ട്. ജില്ലയിലെ 536 സ്‌കൂളുകളിലാണ് ഇതിനകം സ്‌കൂള്‍ ആരോഗ്യ പരിപാടി നടപ്പാക്കിയത്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗ ചികിത്സാ- പ്രതിരോധ സേവനങ്ങള്‍ക്ക് പുറമെ കൗണ്‍സലിങും ഡോക്യുമെന്റേഷനും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നെഴ്‌സുമാര്‍ വഴി നല്‍കുുണ്ട്. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍, അങ്കണവാടികള്‍, സ്‌പെഷല്‍ ഹോസ്റ്റലുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയില്‍ വരും. 2016 മാര്‍ച്ച് വരെ ജില്ലയിലെ 33474 അങ്കണവാടി കുട്ടികളെയും നേഴ്‌സുമാര്‍ വഴി ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Sharing is caring!