ലീഗ് വനിതകളെ വോട്ട് കുത്തികളാക്കി ഒതുക്കി: ബി ജെ പി

ലീഗ് വനിതകളെ വോട്ട് കുത്തികളാക്കി ഒതുക്കി: ബി ജെ പി

മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്ലീം ലീഗ് വനിതകളെ അവഗണിച്ചു എന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍ ആരോപിച്ചു. ലീഗിന്റെ വിജയത്തില്‍ ഏറ്റവും അധികം പങ്ക് വഹിക്കുന്ന മുസ്ലീം വനിതകളെ വെറും വോട്ട് കുത്തികളാക്കി മാറ്റി പുരുഷാധിപത്യമാണ് ലീഗില്‍ നടക്കുന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും അധികം പരിഗണന നല്കുന്ന ഭാരതത്തിലെ ഏക പ്രസ്ഥാനം ബി.ജെ.പി ആണെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞത് സി.പി.എം അംഗമായ പി.കെ ശ്രീമതി ടീച്ചര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് മന്ത്രിമാര്‍ മലപ്പുറത്ത് നിന്നു ഉണ്ടായിട്ടുപോലും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനം പോലും കൊണ്ടുവരാന്‍ ലീഗ് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് മലപ്പുറം ജില്ലയില്‍ അദ്ഭുതകരമായ കുതിച്ചുചാട്ടം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ബി.ജെ.പി ജില്ല അധ്യക്ഷന്‍ കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ജനചന്ദ്രന്‍ മാസ്റ്റര്‍, രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ഡോ.കുമാരി സുകുമാരന്‍, അഡ്വ. മാഞ്ചേരി നാരായണന്‍, ഗോപാലകൃഷ്ണന്‍ മഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!