കസ്റ്റംസ് അതിക്രമത്തിനെതിരായ പോരാട്ടം; പ്രവാസി യുവാവ് ഒറ്റപ്പെട്ടു

കസ്റ്റംസ് അതിക്രമത്തിനെതിരായ പോരാട്ടം; പ്രവാസി യുവാവ് ഒറ്റപ്പെട്ടു

കരിപ്പൂര്‍: വാക്കു തന്ന് വിശ്വസിപ്പിച്ചവര്‍ വഞ്ചിച്ചുവെന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് അതിക്രമത്തിനെതിരെ കേസ് കൊടുത്ത് ശ്രദ്ധേയനായ പ്രവാസി വ്യവസായി ഹക്കീം റുബ.  മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കം വിവിധ രാഷ്ട്രീയ കക്ഷികളില്‍ പെട്ടവരാണ് ഇദ്ദേഹത്തിന്റെ പോരാട്ടത്തില്‍ പിന്തുണയുമായെത്തിയത്.  ഇതില്‍ കോഴിക്കോട് നിന്നുള്ള യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം പല പ്രമുഖരേയും കണ്ട് ഇദ്ദേഹത്തിന് വേണ്ട പിന്തുണ ഉറപ്പാക്കിയെന്ന് വ്യക്തമാക്കിയതുമാണ്.   ഇതെല്ലാം വിശ്വിസിച്ച് അധികാരധൂര്‍ത്തിനെതിരെ പടയ്‌ക്കൊരുങ്ങിയ ഹക്കീം റുബ ഇന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.

കേരളത്തിലെ ഏതൊരു പ്രവാസിയും അനുഭവിക്കുന്ന യാതനകള്‍ക്കെതിരെ ചങ്കൂറ്റത്തോടെ പ്രതികരിച്ചാണ് ഹക്കീം റുബയെന്ന് കാസര്‍കോട്കാരന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്.  ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അകാരണമായി തടഞ്ഞുവെക്കുകയും, മാനസികമായും, ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തത്.  കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അവഹേളനത്തിനെതിരെ പൊലീസ് കേസ് കൊടുക്കകയും പരസ്യമായി പ്രതികരിക്കുകയും ചെയ്താണ് ഹക്കീം റുബ തിരിച്ചടിച്ചത്.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇദ്ദേഹത്തിന് പിന്നില്‍ ഈ വിഷയത്തില്‍ അണിനിരന്നു.  പ്രവാസികളുടെ വേദനകള്‍ക്ക് ആശ്വാസമാകും ഈ നടപടികളെന്ന് ഏവരും വിശ്വസിച്ചു.  ഇതിനിടയില്‍ ഹക്കീമിനെതിരെ കസ്റ്റംസും കേസ് കൊടുത്തു.  പക്ഷേ കസ്റ്റംസ് നല്‍കിയ കേസ് ഹക്കീം റുബയ്ക്ക് ഒരുതരത്തില്‍ തലവേദനയാകില്ലെന്ന വാക്കാണ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ നല്‍കിയത്.

ഏകദേശം ഒരുമാസം നീണ്ട നിയമ യുദ്ധത്തിനു ശേഷം രാഷ്ട്രീയ നേതാക്കളുടെ വാക്ക് വിശ്വസിച്ച് ഹക്കീം റുബ ജോലി സ്ഥലമായ ദുബായിലേക്ക് തിരിച്ചു.  കേസിന്റെ പുലിവാലുകള്‍ അവസാനിച്ചു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഹക്കീം റുബയ്‌ക്കെതിരായ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതും, കോടതി ഹക്കീം റുബയോടെ ഈ മാസം അവസാനം ഹാജരാകണമെന്ന് ആവശ്യപ്പെടുന്നതും.

രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു വിട്ട കാര്യങ്ങള്‍ വിശ്വസിച്ച് നാട്ടിലെ അധികാരവര്‍ഗത്തിനെതിരെ പോരാടാനിറങ്ങിയ യുവാവിന് കനത്ത തിരിച്ചടിയായി ഇത്.  വിമാനത്താവളത്തിലെ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇനി ഇതോടു കൂടി പ്രവാസികള്‍ പലവട്ടം ആലോചിക്കേണ്ട സ്ഥിതിയിലായിരിക്കുകയാണെന്ന് പ്രവാസികള്‍ കൂട്ടിച്ചേര്‍ത്തു.  പ്രവാസികളോടുള്ള അവഗണന തുടരുന്നുവെന്നതിന്റെയും തെളിവായിട്ടാണ് പ്രവാസികള്‍ ഈ സംഭവത്തെ കാണുന്നത്.

ഈ അവഗണനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.  We Are With You എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹക്കീം റുബയെ പിന്തുണച്ച് ക്യാംപെയ്‌നും തുടങ്ങിക്കഴിഞ്ഞു.

Sharing is caring!