പ്രായത്തെ തോല്പിച്ച് പ്ലസ് ടു പഠനം

നിലമ്പൂര്‍: പഠനാവേശത്തിനു മുന്നില്‍ പ്രായത്തെ തോല്പിച്ച പ്ലസ്ടു പഠിതാക്കള്‍ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടു വര്‍ഷം കുട്ടികളായി ഒ്ന്നിച്ചു പഠിച്ചവര്‍ പാട്ടുപാടി കളിയും ചിരിയുമായി ഒത്തുചേര്‍ന്നു. പരീക്ഷയെഴുതി വഴിപിരിയും മുമ്പെ നടത്തിയ ഒത്തുചേരലും യാത്രയയപ്പും അവിസ്മരണീയ അനുഭവമായി. സമീക്ഷ പദ്ധതിയില്‍ നിലമ്പൂരിലെ 22 വയസുമുതല്‍ 64 വയസുവരെയുള്ള 325 പേരാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നത്. അവരുടെ ഒത്തുചേരലിനാണ് മാനവേദന് സ്കൂള്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്.
സമീക്ഷ പ്ലസ്ടു പദ്ധതി തുടങ്ങിയ മുന്‍ നഗരസഭാ ചെയര്മാന് ആര്യാടന് ഷൗക്കത്ത് എത്തിയപ്പോള്‍ 62കാരി പൊട്ടിപ്പാറയിലെ മുംതസ് താത്ത ഓടിയെത്തി കൈപിടിച്ചു. ‘മോനെ അെന്നക്കൊണ്ടാണ് ഞാനിപ്പം പ്ലസ്ടുക്കാരിയായത്’ എന്നു പറഞ്ഞ് സന്തോഷം പങ്കിട്ടു. ഹിസ്റ്ററി പരീക്ഷ എങ്ങിനെ എന്ന ഷൗക്കത്തിന്റെ ചോദ്യത്തിന് ജോറായി എഴുതിയൊയിരുന്നു നിറഞ്ഞ ചിരിയോടെയുള്ള മറുപടി.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മുംതസ് താത്തയുടെ കല്യാണം. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പഠനം നിലച്ചു. മക്കളും മരുമക്കളുമായി 40 വര്‍ഷം പിന്നിട്ടപ്പോഴാണ് നഗരസഭ 35 വയസുവരെയുള്ളവര്‍ക്ക് പത്താംക്ലാസ് യോഗ്യത നേടിക്കൊടുക്കാന്‍ സമീക്ഷ എല്ലാവര്ക്കും പത്താം ക്ലാസ് പദ്ധതി തുടങ്ങിയത്. പഠിക്കാനുള്ള മോഹം അന്നത്തെ ചെയര്മാന് ആര്യാടന് ഷൗക്കത്തിനോടു പറഞ്ഞപ്പോള്‍ അതിനുള്ള അവസരവും ഒരുക്കിക്കൊടുത്തു.
പത്താം ക്ലാസ് നല്ല നിലയില്‍ പാസായതോടെ പ്ലസ്ടുവിന് പഠിക്കണമൊയി. പഠനകാര്യത്തില്‍ ഭര്‍ത്താവ് ആലിയുടെയും മക്കളുടെയും പൂര്‍ണ പിന്തുണയുള്ള മുംതാസ് താത്തക്ക് ഇനി ഡിഗ്രിയും നേടണമെന്നാണ് ആഗ്രഹം. മുക്കം കെ.എം.സി.ടി കോളേജിന്റെ വനിതാ ഹോസ്റ്റല്‍ വാര്‍ഡനായ മുംതസ് താത്തയെ പഠനകാര്യത്തില്‍ ഹോസ്റ്റലിലെ കുട്ടികളും സഹായിക്കും.
മുക്കട്ട അങ്ങാടിയില്‍ പലചരക്കു കട നടത്തുന്ന 64കാരന് അടുക്കത്ത് അബ്ദുള്‍മജീദിന് പഠിക്കാന്‍ മോഹമുദിച്ചപ്പോള് വീട്ടില്‍ നിന്നും ആദ്യം വേണ്ടത്ര പിന്തുണ ഉണ്ടായിരുന്നില്ല. എന്നാല്‍ പഠിക്കാനുള്ള മജീദിന്റെ ഉത്സാഹത്തിനു മുന്നില്‍ വീട്ടുകാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. പത്താം ക്ലാസ് പാസായി ഇപ്പോള്‍ പ്ലസ്ടു പരീക്ഷയുടെ തിരക്കിലാണ്. മുക്കട്ടയിലെ കട മകനെ എല്പ്പിച്ചാണ് ഒത്തുചേരലിനെത്തിയത്. പഠിതാക്കളില്‍ ഏറെപ്പേരും സ്ത്രീകളാണ്. വിവാഹത്തോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നവരാണ് വാശിയോടെ പഠിച്ച് പ്ലസ്ടു പരീക്ഷ എഴുതുന്നത്.
നിലമ്പൂരില്‍ എട്ടു സെന്ററുകള്‍ തുറന്ന് ജോലിക്കുപോകുന്നവര്‍ക്ക് രാത്രി ക്ലാസും അല്ലാത്തവര്‍ക്ക് പകല്‍ ക്ലാസും ദൂരസ്ഥലങ്ങളില്‍ ജോലിയുള്ളവര്‍ക്ക് അവധിദിന ക്ലാസും നല്‍കിയായിരുന്നു സമീക്ഷ കോ ഓര്‍ഡിനേറ്റര്‍ ഒ. ശശിധരന്റെ നേതൃത്വത്തിലുള്ള അധ്യാപകസംഘം പഠിപ്പിച്ചത്. ആര്യാടന് ഷൗക്കത്തും നഗരസഭാ ചെയര്‍പേഴ്സ പത്മിനി ഗോപിനാഥുമെല്ലാം എത്തി പഠിത്താക്കള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. എല്ലാവരും ഒന്നിച്ചു ഭക്ഷണവും കഴിച്ച് കലാപരിപാടികളും അവതരിപ്പിച്ച് അടുത്ത പരീക്ഷക്കുള്ള പ്രത്യേക ക്ലാസും കഴിഞ്ഞാണ് മടങ്ങിയത്.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]