ജില്ലാ കേരള കോണ്‍ഗ്രസ് (ജേക്കബ്) യു ഡി എഫ് വിട്ടു

ജില്ലാ കേരള കോണ്‍ഗ്രസ് (ജേക്കബ്) യു ഡി എഫ് വിട്ടു

മലപ്പുറം: കേരള കോണ്‍ഗ്രസ് ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ച് ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായി രൂപീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.  ജില്ലയിലെ യു ഡി എഫ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ ഡി എഫിന്റെ ഭാഗമായ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.  പാര്‍ട്ടിയുടെ താല്‍ക്കാലിക ജില്ലാ കമ്മിറ്റി രൂപീകരണം നാളെ നടക്കും.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന് സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി യു ഡി എഫ് ജില്ലാ നേതൃത്വവുമായി ഇടയുന്നത്.  ലീഗിന്റെ ഏകാധിപത്യമാണ് ജില്ലാ യു ഡി എഫില്‍ എന്ന് ആരോപിച്ച് മാത്യു സെബാസ്റ്റ്യന്‍ കരുവാരക്കുണ്ട് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എല്‍ ഡി എഫ് പിന്തുണയോടെ യു ഡി എഫ് വിമതനായി മല്‍സരിച്ചു.  തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ടി പി അഷ്‌റഫ് അലിയോട് മാത്യു സെബാസ്റ്റിയന്‍ തോല്‍ക്കുകയായിരുന്നു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് വിമതരായി നിന്നവരോടെല്ലാം ലീഗ്-കോണ്‍ഗ്രസ് നേതൃത്വം അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു.  ഇതില്‍ പ്രതിഷേധിച്ചാണ് എല്ലാവരും എല്‍ ഡി എഫിലേക്ക് ചേക്കേറിയത്.

പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് മാത്യു സെബാസ്റ്റിയന്‍ പറഞ്ഞു.  കര്‍ഷകരേയും, കര്‍ഷക തൊഴിലാളികളേയും സംഘടിപ്പിച്ച് ജില്ലയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെയും ഇടതുമുന്നണിയുടേയും അടിത്തറ വികസിപ്പിക്കുന്നതിനാവശ്യമായ കര്‍മപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!