സ്ഥാനാര്‍ഥികളെ പ്രവചിച്ച് മംഗളം ദിനപത്രം

സ്ഥാനാര്‍ഥികളെ പ്രവചിച്ച് മംഗളം ദിനപത്രം

മലപ്പുറം: മാധ്യമങ്ങളുടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രവചനങ്ങളില്‍ യാഥാര്‍ഥ്യമായത് മംഗളം പത്രത്തിലെ റിപ്പോര്‍ട്ട്.  മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് അറുതിയായി.  ഓരോ മണ്ഡലത്തിലേയും സ്ഥാനാനാര്‍ഥികളായി വിവിധ നേതാക്കളുടെ പേരുകളാണു മാസങ്ങളായി ദൃശ്യ-പത്രമാധ്യമങ്ങള്‍ നല്‍കിവന്നിരുന്നത്. ഇത്തരത്തില്‍ മാധ്യമങ്ങള്‍ എഴുതുന്ന വാര്‍ത്തകളില്‍ പലതിലും പിന്നീട് മാറ്റങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ യഥാര്‍ഥ സ്ഥനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചതില്‍ മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത യാഥാര്‍ഥ്യമായി.

ലീഗിലെ മുഴുവന്‍ മന്ത്രിമാരും സിറ്റിംഗ് സീറ്റില്‍ തന്നെ മത്സരിക്കുമെന്നു മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാര്‍ കഴിഞ്ഞ ഫെബ്രുവരി 26ന് റിപ്പോര്‍ട്ട്‌ചെയ്ത വാര്‍ത്തയാണു യാഥാര്‍ഥ്യമായത്. ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളില്‍നിന്നും വ്യത്യസ്ഥമായായിരുന്നു ഈ റിപ്പോര്‍ട്ട്.  കഴിഞ്ഞ ഫെബ്രുവരി 26നു മംഗളത്തില്‍ വന്ന വാര്‍ത്ത ഇങ്ങിനെയായിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ അഞ്ചുമന്ത്രിമാരും മത്സരിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെ തഴയാന്‍ നീക്കം നടന്നെങ്കിലും പാണക്കാട് ഹൈദരലി തങ്ങളുടേയും മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടേയും ഇടപെടലുകള്‍ തുണയായി. നിലവിലെ സാഹചര്യത്തില്‍ മന്ത്രിമാരെയെല്ലാം സിറ്റിംഗ് സീറ്റുകളില്‍തന്നെ മത്സരിപ്പിക്കാനാണ് നീക്കം. മന്ത്രിമാര്‍ സിറ്റിംഗ് സീറ്റുകളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയാല്‍ സുഗമമായി വിജയിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയും മണ്ഡലംകമ്മിറ്റികളും പൂര്‍ണ തൃപ്തരാണ്. മുന്‍കാലങ്ങളില്‍ മന്ത്രിമാരായിരുന്ന പലര്‍ക്കും പിന്നീട് സീറ്റ് നിഷേധിച്ച നിലപാടുള്ള മുസ്ലിംലീഗ് ഇപ്രാവശ്യം ഇതിനു മുതിരുന്നില്ലെന്നതാണു വാസ്തവം. മന്ത്രിസ്ഥാനങ്ങള്‍ വഹിക്കുന്നതോടൊപ്പം മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തികളിലും കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിച്ചതാണു ലീഗ് മന്ത്രിമാര്‍ക്ക് മണ്ഡലങ്ങളില്‍ ജനപ്രീതി വര്‍ധിക്കാന്‍ കാരണമായത്. യു.ഡി.എഫിലെ മറ്റു മന്ത്രിമാരില്‍നിന്നും വ്യത്യസ്തമയാണു മുസ്ലിംലീഗ് മന്ത്രിമാര്‍ അതത് മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചതെന്ന് എല്‍.ഡി.എഫ് നേതാക്കളും സമ്മതിക്കുന്നു.
മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി-വേങ്ങര, പി.കെ അബ്ദുറബ്ബ്-തിരൂരങ്ങാടി, മഞ്ഞളാംകുഴിഅലി-പെരിന്തല്‍മണ്ണ, എം.കെ മുനീര്‍-കോഴിക്കോട് സൗത്ത്, വി.കെ ഇബ്രാഹംകുഞ്ഞ്-കളമശേരി എന്നിടങ്ങളില്‍തന്നെ മത്സരിപ്പിക്കാനാണു നീക്കം. ഇതില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന് മലപ്പുറത്തെ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും വേങ്ങരയില്‍തന്നെ മത്സരിക്കാനാണു കുഞ്ഞാലിക്കുട്ടി താല്‍പര്യം പ്രകടിപ്പിച്ചത്. വേങ്ങരയെക്കാള്‍ ലീഗിന് കരുത്തുള്ള മലപ്പുറം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് അനായാസമായി വിജയിക്കാനാകുമെങ്കിലും വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി നടത്തിയ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്രാവശ്യം വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.  അതേ സമയം അടുത്ത തവണ യു.ഡി.എഫിന് ഭരണം കിട്ടിയില്ലെങ്കില്‍ ലീഗിന്റെ മുഖമായ കുഞ്ഞാലിക്കുട്ടി ജില്ലാ ആസ്ഥാനത്ത് വന്നാല്‍ പാര്‍ട്ടിയെ നയിക്കാന്‍ സഹായകരമാകുമെന്ന വിലയിരുത്തലിലാണു കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തേക്ക് ക്ഷണിച്ചത്.
തിരൂരങ്ങാടി മണ്ഡലം പ്രതിനിധിയായ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെ തഴയാനായി പാര്‍ട്ടിതലത്തില്‍തന്നെ നീക്കം നടന്നിരുന്നെങ്കിലും മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പാണക്കാട് ഹൈദരലി തങ്ങളുടെ നിലപാടും തുണയായി. മുന്‍കാലങ്ങളെ അപേക്ഷിച്ച ഇപ്രാവശ്യം തിരൂരങ്ങാടി മണ്ഡലത്തില്‍ വന്‍വികസന പ്രവര്‍ത്തനങ്ങളാണു കൊണ്ടുവന്നതെന്നും വികസന തുടര്‍ച്ചയ്ക്ക് അബ്ദുറബ്ബിനെ തന്നെ മത്സരിപ്പിക്കണമെന്നും തിരൂങ്ങാടി മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി പാര്‍ട്ടിനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മണ്ഡലം പ്രസിഡന്റ് സി. അബൂബക്കര്‍ ഹാജി മംഗളത്തോട് പറഞ്ഞു. മൂന്‍കാലങ്ങളിലൊന്നും തിരൂരങ്ങാടിയില്‍ ഇത്തരത്തില്‍ വികസനങ്ങള്‍ എത്തിയിട്ടില്ല, ധാരളാം പദ്ധതികള്‍ അവസാനഘട്ടത്തിലാണ് ഇവയുടെ പൂര്‍ത്തീകരണത്തിനു അബ്ദുറബ്ബ് തന്നെ മണ്ഡലത്തില്‍ മത്സരിക്കണമെന്നും മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നു.  അബ്ദുറബ്ബിന് അനൂകൂലമായാണ് പാണക്കാട് ഹൈദരലി തങ്ങളുടേയും നിലപാട്. അബ്ദുറബ്ബിനു പകരം ഐ.എന്‍.എല്‍ വിട്ടെത്തിയ പി.എം.എ സലാമിനെ മത്സരിപ്പിക്കണമെന്നായിരുന്നു ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
അതോടൊപ്പം പെരിന്തല്‍മണ്ണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി മഞ്ഞളാംകുഴി അലി മണ്ഡലം മാറ്റത്തിനു ശ്രമിച്ചിരുന്നെങ്കിലും പെരിന്തല്‍മണ്ണയില്‍തന്നെ മത്സരിക്കാനാണു നിലവിലെ തീരുമാനം.  കോഴിക്കോട് സൗത്തില്‍ നിന്നും നിയമസഭയിലെത്തിയ മന്ത്രി എം.കെ മുനീര്‍ നേരത്തെ മലപ്പുറം ജില്ലയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതിനു പാര്‍ട്ടി പച്ചക്കൊടി കാണിച്ചില്ല. കോഴിക്കോട് സൗത്തില്‍തന്നെ തുടരാനായിരുന്നു നിര്‍ദ്ദേശം. നിലവില്‍ പാര്‍ട്ടി തലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരും മൂന്‍കാലങ്ങളില്‍ മുസ്ലിംലീഗ് മന്ത്രിമാരും ആയിരുന്ന കുട്ടിഅഹമ്മദ്കുട്ടി, നാലകത്ത് സൂപ്പി, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. നിലവില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി.എ മജീദ് മുന്‍ചീഫ്‌വിപ്പായിരുന്നു. മജീദിനും പിന്നീട് സീറ്റ് നിഷേധിച്ചു.

Sharing is caring!