കോട്ടക്കുന്നില്‍ ഇനി സാഹസിക പാര്‍ക്കും

കോട്ടക്കുന്നില്‍ ഇനി സാഹസിക പാര്‍ക്കും

മലപ്പുറം: സാഹസിക സഞ്ചാരികള്‍ക്ക് ഹരം പകര്‍ന്ന് കോട്ടക്കുന്ന് സാഹസിക പാര്‍ക്ക് തുറന്നു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി പത്ത് വിവിധ വിഭാഗങ്ങളിലായി ഉപകരണങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കോട്ടക്കുന്നിന്റെ തെക്ക് ഭാഗത്ത് മഴക്കുഴിയോട് ചേര്‍ന്നാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. പാര്‍ക്കിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയിരുന്നു.

സിപ് ലൈന്‍, ഡബിള്‍ റോപ്, ബര്‍മ ബ്രിജ്, റോപ് ടണല്‍, കമാന്‍ഡോ നെറ്റ്, സ്‌പൈഡര്‍ നെറ്റ്, സ്‌ളാക്ക് ലൈന്‍, സോര്‍ബ് ബാള്‍ എിവയാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍ പ്‌ളാനിലുള്‍പ്പെട്ട പദ്ധതിയാണിത്. പ്രവേശന ഫീസോടെയാണ് പാര്‍ക്കിലേക്കുള്ള പ്രവേശനം. മാസ്റ്റര്‍ പ്‌ളാനിലെ മറ്റ്  പദ്ധതികളായ സൈക്കിള്‍ ട്രാക്ക്, ബലൂണ്‍ പാര്‍ക്ക് എന്നിവയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനിലെ തന്നെ മറ്റു പ്രധാന പദ്ധതികളായ പാര്‍ട്ടി ഹാള്‍, മിറാക്കിള്‍ ഗാര്‍ഡന്‍ എന്നിവയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

പരിപാടിയില്‍ ഡി.ടി.പി.സി സെക്രട്ടറി വി ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, സി. സുകുമാരന്‍, എ.കെ.എ നസീര്‍, പി.കെ അസ്‌ലു എന്നിവര്‍ പങ്കെടുത്തു.

Sharing is caring!