അരീക്കോട് ഐടി പാര്‍ക്ക് ശിലാസ്ഥാപനം തിങ്കളാഴ്ച

അരീക്കോട് ഐടി പാര്‍ക്ക് ശിലാസ്ഥാപനം തിങ്കളാഴ്ച

അരീക്കോട്: മലപ്പുറം ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരീക്കോട് ഐടി പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നു.  വ്യാഴാഴ്ച തിരുവന്തപുരുത്ത് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് അരീക്കോട് കിളിക്കല്ലിങ്ങല്‍ കേന്ദ്രമാക്കി സ്ഥാപിക്കുന്ന റൂറല്‍ ഐടി അന്റ് ഇലക്ട്രോണിക്‌സ് പാര്‍ക്കിന് ഭരണാനുമതി നല്‍കിയത്.  പദ്ധതിയുടെ ശിലാസ്ഥാപനം ഈ മാസം 29ന് ഐടി-വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.

പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  കെ എസ് ഐ ടി എല്‍ ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചത്.  ഈ പണം സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി വിനിയോഗിക്കുമെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.  രണ്ടു ഘട്ടങ്ങളിലായി 35 ഏക്കര്‍ സ്ഥലത്താണ് ഐടി പാര്‍ക്ക് നിലവില്‍ വരുന്നത്.  ഇതോടെ മലപ്പുറം ജില്ലയും ഇന്ത്യയിലെ ഐടി പാര്‍ക്കുകളുടെ മാപ്പില്‍ സ്ഥലം പിടിക്കും.

വിമാനത്താവളത്തിനോടടുത്തുള്ള സാമിപ്യവും, ഐടി പാര്‍ക്കിനോടൊപ്പം നിലവില്‍ വരുന്ന അടിസ്ഥാന സൗകര്യ വികസനവും മികച്ച കമ്പനികളെ ഇങ്ങോട്ട് ആകര്‍ഷിക്കുമെന്ന് പി കെ ബഷീര്‍ എം എല്‍ എ അറിയിച്ചു.  വര്‍ഷങ്ങള്‍ നീണ്ട അധ്വാനമാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയതെന്നും എം എല്‍ എ അറിയിച്ചു.

Sharing is caring!