വികസനത്തില്‍ റെക്കോര്‍ഡു വേഗവുമായി ഫിഷറീസ് വകുപ്പ്

വികസനത്തില്‍ റെക്കോര്‍ഡു വേഗവുമായി ഫിഷറീസ് വകുപ്പ്

പരപ്പനങ്ങാടി: മത്സ്യമേഖലയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് വികസന പദ്ധതികള്‍ നടപ്പാക്കിയതെന്ന് ഫിഷറീസ്-തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണത്തെ മത്സ്യവിത്ത് ഉല്‍പാദന കേന്ദ്രത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷനായി. മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്നും ബജറ്റില്‍ നിര്‍ദേശിച്ച  ഒരു വീട്ടില്‍ ഒരു അക്വാറിയം പദ്ധതിക്കും പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍ (സാഫ്) മുഖേനയാണ് പദ്ധതികള്‍ നടപ്പാക്കുക.

ഉള്ളണത്തെ ഫിഷ് ഫാമില്‍ ഒന്നാംഘട്ട പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയായത് വളരെ വേഗത്തിലാണെും  തീരദേശ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനവും ക്ഷേമ പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന 675 കോടിയുടെ 500 പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മത്സ്യ തൊഴിലാളി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇരട്ടിയായി വര്‍ധിപ്പിച്ചു. 41 തീരദേശ റോഡുകള്‍ 11.67 കോടി മുടക്കി യാഥാര്‍ത്ഥ്യമാക്കി.

4.77 കോടി ചെലവഴിച്ചാണ് ഉള്ളണം മത്സ്യ ഉത്പാദന കേന്ദ്രത്തില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കിയത്. മൊത്തം 7.50 കോടിയുടെ പദ്ധതിയാണ് ഉള്ളണത്ത്  നടപ്പാക്കുന്നത്. സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിര്‍മ) യുടെ മേല്‍നോട്ടത്തിലാണ് പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.  കേരള കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല.

Sharing is caring!