മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ മൂന്നു വര്‍ഷത്തിനകം

മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ മൂന്നു വര്‍ഷത്തിനകം

മലപ്പുറം: പാണക്കാട് ഇന്‍കെല്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മൂ്ന്നു വര്‍ഷത്തികം ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കും.  ലോകത്തെ മികച്ച ക്യാന്‍സര്‍ ചികില്‍സ സാങ്കേതിക ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഘട്ടം ഘട്ടമായി ലഭ്യമാക്കും.  ക്യാന്‍സര്‍ സെന്ററിന്റെ ശിലാസ്ഥാപന കര്‍മം ഞായറാഴ്ച ഇന്‍കെല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഐ ടി-വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.

ഇന്‍കെല്‍ പാര്‍ക്കിലെ 25 ഏക്കര്‍ സ്ഥലത്ത് 340 കോടി രൂപ ചെലവിലാണ് ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.  ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും, മികച്ച ചികില്‍സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും.

മലപ്പുറം ക്യാന്‍സര്‍ സെന്ററില്‍ മറ്റു സര്‍ക്കാര്‍ ക്യാന്‍സര്‍ സെന്ററുകളുടെ നിരക്കില്‍ തന്നെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന ചടങ്ങില്‍ അറിയിച്ചു.  പാവപ്പെട്ട രോഗികള്‍ക്കും പ്രാപ്ത്യമാകുന്ന നിലയിലാകും ചികില്‍സാ ചെലവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.  മലപ്പുറം ജില്ലയില്‍ നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്താണ് പലരും ഇന്ന് ക്യാന്‍സറിന് ചികില്‍സ തേടുന്നത്.  സെന്റര്‍ യാഥാര്‍ഥ്യമാകുതോടെ അതേ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

300 കിടക്കകളാണ് മലപ്പുറം ക്യാന്‍സര്‍ സെന്ററില്‍ ഉണ്ടാവുക.  ആധുനിക രോഗനിര്‍ണയ ഉപകരണങ്ങളും, സംവിധാനങ്ങളും, മികച്ച ലാബോറട്ടറി, ‘ബ്ലഡ് ബാങ്ക്, മൂന്ന് റേഡിയേഷന്‍ മെഷീനുകള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്/സ്റ്റെംസെല്‍, ഡയാലിസിസ് സംവിധാനങ്ങളും സെന്ററില്‍ ഉണ്ടാകും.  ക്യാന്‍സര്‍ ഭേദമായി അംഗവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രവും ഭാവിയില്‍ നിലവില്‍ വരും.  ഗ്രീന്‍ ബില്‍ഡിങ് ആശയം പ്രകാരമാണ് ആകെ 6.50 ലക്ഷം ചതുരശ്ര അടി വരുന്ന കെട്ടിടങ്ങള്‍ ക്യാന്‍സര്‍ സെന്ററിനായി നിര്‍മിക്കുന്നത്.

2016-17 സംസ്ഥാന ബഡ്ജറ്റില്‍ സെന്ററിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയും മാറ്റി വെച്ചിട്ടുണ്ട്.  സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളും, സ്വകാര്യ നിക്ഷേപവും സമാഹരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക.

പി ഉബൈദുള്ള എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഇന്‍കെല്‍ എം ഡി ടി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.  മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍ ശശിധരന്‍ നായര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  മലപ്പുറം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി എച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ്, കൗസിലര്‍ കെ കെ ഉമ്മര്‍, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫ്‌റീന അഷ്‌റഫ്, പദ്ധതി ഉപദേഷ്ടാവ് പി രാജു എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!