നിലമ്പൂരിന്റെ പെരുമയായി മലപ്പുറം ജില്ലയിലെ ആദ്യ തിയറ്റര്‍

നിലമ്പൂരിന്റെ പെരുമയായി മലപ്പുറം ജില്ലയിലെ ആദ്യ തിയറ്റര്‍

നിലമ്പൂര്‍: ഐ.എഫ്.എഫ്.കെയുടെ രണ്ടാമത് അന്താരാഷ്ട്ര മേഖലാ ചലച്ചിത്രോത്സവത്തിന് നിലമ്പൂര്‍ വേദിയാകുമ്പോള്‍ നാടിന്റെ സിനിമാ സ്‌നേഹത്തിന്റെ പെരുമയായി ജില്ലയിലെ ആദ്യ തിയറ്ററും മലയാളത്തിന്റെ സൂപ്പര്‍താരം മമ്മുട്ടി അംഗമായ ഫിലിം സൊസൈറ്റിയും.  1953ല്‍ പ്രദര്‍ശനം തുടങ്ങിയ വീട്ടിക്കുത്ത് റോഡിലെ രാജേശ്വരി തിയറ്ററാണ് മലപ്പുറത്തെ ആദ്യ തിയറ്റര്‍. കോഴിക്കോട് കഴിഞ്ഞാന്‍ അന്ന്് ഒറ്റപ്പാലത്ത് ലക്ഷ്മി തിയറ്റര്‍ മാത്രം. മറ്റിടങ്ങളില്‍ താല്‍ക്കാലിക സിനിമാ കൊട്ടകകളായിരുന്ന ടൂറിങ് ടാക്കീസുകളായിരുു സിനിമാ ആസ്വാദകരുടെ ആശ്രയം.

1951ലാണ് വി.കെ ശങ്കരന്‍നായര്‍ വീട്ടിക്കുത്ത് റോഡില്‍ സിനിമാ തിയറ്റര്‍ പണിയാന്‍ തുടങ്ങിയത്. 53ല്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച് പ്രദര്‍ശനം തുടങ്ങി. രാജേശ്വരിക്കൊപ്പം തുടങ്ങിയ കേരളത്തിലെ മറ്റു തിയറ്ററുകളെല്ലാം പൊളിച്ചുനീക്കി ഷോപ്പിങ് മാളുകളും കല്യാണ മണ്ഡപങ്ങളുമായെങ്കിലും ഇന്നും നിലമ്പൂരില്‍ രാജേശ്വരി തിയറ്റര്‍ നീണ്ട 63 വര്‍ഷമായി പ്രദര്‍ശനം തുടരുകയാണ്.

1975ലാണ് നിലമ്പൂരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെയും അധ്യാപകരുടെയുമെല്ലാം നേതൃത്വത്തില്‍ രൂപംകൊണ്ട സംസ്‌ക്കാര ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേളയില്‍ സിനിമ കാണാന്‍ ടിക്കറ്റുതേടി മമ്മുട്ടി എത്തിയത്. മഞ്ചേരിയില്‍ ശ്രീധരന്‍ വക്കീലിന്റെ ജൂനിയറായി പ്രാക്ടീസു ചെയ്യുന്ന അഡ്വ. മുഹമ്മദ്കുട്ടി സിനിമയുടെ പാസു ചോദിച്ചെത്തിയ രംഗം സംസ്‌ക്കാര ഫിലിം സൊസൈറ്റിയുടെ സംഘാടകനായ പി. രാജഗോപാലിന്റെ മനസില്‍ ഇന്നും ഒളിമങ്ങാതെയുണ്ട്. അന്ന് രണ്ടു രൂപയാണ് ഒരു മാസത്തെ ഫിലിം സൊസൈറ്റി മെമ്പര്‍ഷിപ്പ്. മാസത്തില്‍ ഒരു തവണ രാജേശ്വരി തിയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും. രാവിലെ ഒമ്പതിന് മോണിങ് ഷോ ആയാണ് സിനിമ കാണിക്കുക. അന്നത്തെ പല പുതിയ സിനിമകളും നിലമ്പൂരില്‍ കൊണ്ടുവരുമായിരുന്നു. ഇതറിഞ്ഞാണ് സിനിമകാണാന്‍ മമ്മുട്ടി എത്തിയത്. ഫിലിം സൊസൈറ്റിയില്‍ അംഗമല്ലാത്തവര്‍ക്ക് സിനിമകാണാന്‍ അവസരമുണ്ടായിരുന്നില്ല. അതോടെ മമ്മുട്ടി ഫിലിം സൊസൈറ്റി അംഗത്വവുമെടുത്തു. രാവിലെ മഞ്ചേരിയില്‍ നിന്നും ബസിലെത്തി സിനിമയും ചര്‍ച്ചയും കഴിഞ്ഞു മമ്മുട്ടി മടങ്ങും.

രാജഗോപാലും വിജയന്‍ മലയത്തും കെ.ജി തോമസും ഗോവിന്ദകൃഷ്ണനും അടങ്ങുന്ന അന്നത്തെ യുവനിര ജോലി ലഭിച്ചുപോയതോടെ ഫിലിം സൊസൈറ്റിയും തളര്‍ന്നു. പിന്നീട് 1985ല്‍ ആര്യാടന്‍ ഷൗക്കത്തും രാജഗോപാലും ഭാര്‍ഗവനുമൊക്കെ  മുന്‍കൈയ്യെടുത്താണ് നിലമ്പൂര്‍ ഫിലിം സൊസൈറ്റിക്കു രൂപം നല്‍കിയത്. സ്വന്തമായി പ്രൊജക്ടര്‍ വാങ്ങി ചലച്ചിത്രമേളകളും നടത്തി സജീവമായിരു കാലഘട്ടമായിരുന്നു അത്. ആര്യാടന്‍ ഷൗക്കത്ത് കഥയും തിരക്കഥയുമായി സിനിമാരംഗത്തേക്കും അവിടെനിന്നു രാഷ്ട്രീയത്തിലേക്കും മാറി. മറ്റുള്ള സംഘാടകരും വിവിധ മേഖലകളിലേക്കു തിരിഞ്ഞതോടെ നിലമ്പൂര്‍ ഫിലിം സൊസൈറ്റിയുടെയും സുവര്‍ണ്ണകാലം അസ്തമിക്കുകയായിരുന്നു.

എന്നാല്‍ ഐ.എഫ്.എഫ്.കെയുടെ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രമേളം രണ്ടാം തവണയും എത്തിയതോടെ നിലമ്പൂരിലെ സിനിമാ സ്‌നേഹികള്‍ക്ക് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. ഇുന്നം നല്ല സിനിമകളെ സ്‌നേഹിക്കുന്ന വലിയ ആസ്വദകരുള്ള നാടാണ് നിലമ്പൂര്‍. രാഷ്ട്രീയത്തിനും ജാതി, മതവേര്‍തിരിവുകളുമില്ലാതെ നാടകത്തെയും സിനിമയെയും കലയെയും സ്‌നേഹിക്കുന്ന പാരമ്പര്യം കൂടി നിലമ്പൂരിന്റെ സ്വന്തമാണ്.

Sharing is caring!