എടവണ്ണ ക്യാന്‍സര്‍ നിര്‍ണയ കേന്ദ്രത്തിന് ഒരു കോടിയുടെ ഭരണാനുമതി
എടവണ്ണ: ഏറനാട് നിയോജക മണ്ഡലത്തില്‍ എടവണ്ണ ചെമ്പക്കുത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ക്യാന്‍സര്‍ നിര്‍ണയ സെന്റര്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതിയായി. പി കെ ബഷീര്‍ എം എല്‍ എ സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് സര്‍ക്കാര്‍ ക്യാന്‍സര്‍ നിര്‍ണയ കേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയത്.
സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി കൈപ്പറ്റിയാണ് എം എല്‍ എ ക്യാന്‍സര്‍ നിര്‍ണയ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണ അനുമതി വേഗത്തിലാക്കിയത്. കേന്ദ്രം നിലവില്‍ വരുന്നതോടെ മലപ്പുറം ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ക്യാന്‍സര്‍ രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും, പ്രാഥമിക ചികില്‍സ തേടാനുമുള്ള സൗകര്യം എടവണ്ണയില്‍ നിലവില്‍ വരും. ഒരു കോടി രൂപ സ്വകാര്യ സംരഭകരിലൂടെ കണ്ടെത്തി ആശുപത്രിക്ക് ആധുനിക ഉപകരങ്ങള്‍ വാങ്ങുമെന്ന് എം എല്‍ എ അറിയിച്ചു.
നേരത്തെ ക്യാന്‍സര്‍ ചികില്‍സാ രംഗത്തെ വിദഗ്ധര്‍ സ്ഥലത്തെത്തി എടവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇവരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് പദ്ധതിയില്‍ തൃപ്തി അറിയിച്ചിരുന്നു.
ക്യാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്താനായാല്‍ ചികില്‍സ എളുപ്പമാകും. എന്നാല്‍ ഇത് ആദ്യ ഘട്ടത്തില്‍ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്ന് വളരെ കുറച്ച് ആശുപത്രികളിലെ ലഭ്യമാകുന്നുള്ളു. സര്‍ക്കാര്‍ നിയന്ത്രണ ആശുപത്രിയില്‍ തന്നെ ഇത്തരം ഒരു സൗകര്യം വരുന്നതോടെ പാവപ്പെട്ടവരായ രോഗികളടക്കം ഏവര്‍ക്കും ഇത് പ്രയോജനപ്പെടുത്താനാകുമെന്ന് പി കെ ബഷീര്‍ എല്‍ എ കൂട്ടിച്ചേര്‍ത്തു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കെട്ടിട നിര്‍മാണം അടുത്ത മാസം ആദ്യം തന്നെ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം എല്‍ എ അറിയിച്ചു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]