കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 52 ലക്ഷം നല്കി അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ
മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി ആസ്തി വികസന ഫണ്ടില്‍ നിന്ന് അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ 52 ലക്ഷം രൂപ അനുവദിച്ചു. അത്യാധുനിക ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സ് വാങ്ങുന്നതിന് 36 ലക്ഷം രൂപയും മൂന്ന് ഡയാലിസിസ് മെഷീന് വാങ്ങുന്നതിനായി 16 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് രേഖകള്‍ കൈമാറി. അടിയന്തരമായി ഇവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 786 പേര്‍ക്ക് കൂടി ഇന്ന് കോവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 20) 1,093 പേര് വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇതോടെ 32,542 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കാനായാല്‍ കൂടുതല്‍ രോഗ വ്യാപനം തടയുന്നതിനും സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവിന് ആക്കം കൂട്ടാനും സാധിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
അതേസമയം 786 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതില്‍ 692 പേര് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 78 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
നിരീക്ഷണത്തില്‍ 54,449 പേര്
54,449 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,503 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 457 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,187 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,34,050 സാമ്പിളുകളില്‍ 5,210 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 190 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
RECENT NEWS
വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം
മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, [...]