സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചുവെന്ന് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചുവെന്ന് മുഖ്യമന്ത്രി

അരീക്കോട്: സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചതായും ഇത് സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടന്നുകയായിരുന്നു മുഖ്യമന്ത്രി. മത രാഷ്ട്രീയ ഭേദചിന്തയേതുമില്ലാതെ എല്ലാവരും നവകേരള സദസ്സിൽ പങ്കെടുക്കുന്നു. അത് നമ്മുടെ നാടിന്റെ മുന്നേറ്റത്തിനും ഭാവിക്കും ആവശ്യമാണെന്ന നിലപാട് ജനങ്ങൾക്കുണ്ട്.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നടപടികളുടെ വിശ്വാസ്യത ജനങ്ങൾ നല്ല തോതിൽ അംഗീകരിക്കുകയാണ്. ഒരു ഗൂഢ പദ്ധതിയും സർക്കാരിനില്ലെന്ന് ജനങ്ങൾക്കറിയാം. ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാറല്ല ഇതെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഇത് സർക്കാറിന്റെ പ്രവർത്തനത്തിന് കൂടുതൽ ഊർജം പകരും. നമ്മുടെ നാടിന്റെ ഭാവി സുരക്ഷിതമാവണം. യുവതലമുറയാണ് ഭാവി തലമുറ. അവർ നമ്മെ കുറ്റപ്പെടുത്തിക്കൂടാ. ഓരോ രംഗത്തും വികാസവും മുന്നറ്റവും ഉണ്ടാക്കാനാവണം. അതിന് ജനങ്ങൾ ഒരേ മനസ്സോടെ അണിനിരക്കുന്നുണ്ട് എന്ന് ഓരോ നവകേരള സദസ്സിലും വന്നു ചേരുന്ന ജനം തെളിയിക്കുന്നു.

നാടിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കേന്ദ്ര , സംസ്ഥാന, പ്രാദേശിക സർക്കാറുകൾ എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നാടിന്റെ വികസനം സാധ്യമാവൂ. വർഗീയതക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനത്തിനുള്ളത്. വർഗീയതയിലധിഷ്ഠിതമായ കേന്ദ്ര സർക്കാറിന് ഇത് അംഗീകരിക്കാനാവുന്നില്ല. അതിനാൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം, ഗ്രാന്റുകൾ തുടങ്ങിയവ നൽകാതെ തടഞ്ഞു വെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമം. കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ഈ നിലപാടിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷം ഭയക്കുകയാണ്. പാലസ്തീൻ വിഷയത്തിലും രാജ്യവിരുദ്ധ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ യു. ഷറഫലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, കെ.രാജൻ എന്നിവർ പ്രസംഗിച്ചു. നവകേരള സദസ്സ് ഏറനാട് മണ്ഡലം നോഡൽ ഓഫീസർ പ്രദീപ് കുമാർ സ്വാഗതവും എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് നന്ദിയും പറഞ്ഞു.

അകമ്പാടത്തെ ആദിവാസികൾക്ക് 110 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും: മന്ത്രി കെ. രാജൻ

സർക്കാറിന്റെ മൂന്നാം വാർഷികത്തിന് മുമ്പ് അകമ്പാടത്തെ ആദിവാസികൾക്ക് 110 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലത്തിലെ നവകേരള
സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 582 എണ്ണം നടപ്പാക്കിയാണ് ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. 2878 പട്ടയങ്ങളാണ് ഇതുവരെ ഏറനാട് മണ്ഡലത്തിൽ വിതരണം ചെയ്തത്. സർക്കാറിന് കടപ്പാടുള്ളത് ജനങ്ങളോടു മാത്രമാണ്. ജനങ്ങളാണ് യജമാനൻ. 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 1600 രൂപയാക്കി ഉയർത്തി. ഏഴര വർഷം കൊണ്ട് 57,000 കോടി രൂപയാണ് കേരളത്തിൽ പെൻഷനായി ചെലവഴിച്ചത്. നിപ്പ, കൊവിഡ്, പ്രളയം, ഓഖി തുടങ്ങി ഏത് പ്രതിസന്ധിയിലും ഈ സർക്കാർ ജനങ്ങളെ ചേർത്ത് നിർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharing is caring!