വെല്ലുവിളികളെ മറികടക്കാന്‍ ആത്മീയ ഊര്‍ജം കൈവരിക്കുക: ഖലീല്‍ ബുഖാരി തങ്ങള്‍

വെല്ലുവിളികളെ മറികടക്കാന്‍ ആത്മീയ ഊര്‍ജം കൈവരിക്കുക: ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഒരു വിശ്വാസി സമൂഹം എന്ന നിലയില്‍ ഏതുതരം വെല്ലുവിളികളെയും മറികടക്കാനുള്ള ആത്മീയമായ ഊര്‍ജ്ജം കൈവരിക്കുക എന്നതാണ് മുസ്ലിംകളുടെ പ്രാഥമിക ഉത്തരവാദിത്വം എന്ന് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഭൗതികമോ നിയമ പരമോ രാഷ്ട്രീയമോ ആയ പരിഹാരങ്ങള്‍ മാത്രമല്ല ഉള്ളത്. ചരിത്രത്തിലെ പല നിര്‍ണ്ണായക പ്രതിസന്ധികളെയും മുസ്ലിംകള്‍ മറികടന്നത് രാഷ്ട്രീയമായ പരിഹാര മാര്‍ഗ്ഗങ്ങളിലൂടെയോ വിപുലമായ ഭൗതികമായ വിഭവ ശേഷികളുടെ പിന്‍ബലത്താലോ അല്ല. മറിച്ച് ആത്മീയമായ നവീകരണത്തിലൂടെയാണ്. ഇസ്ലാമിക ചരിത്രവും അനുഭവങ്ങളും ഇതാണ് പഠിപ്പിക്കുന്നത്. മലപ്പുറം മഅ്ദിന്‍ സ്വലാത്ത് നഗറില്‍ റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.
കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും ഉള്‍ക്കൊള്ളുന്ന വിശ്വസത്തിന്റെയും പേരില്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ കൂടിവരികയാണ്. അവസരങ്ങള്‍ നിഷേധിക്കാനും അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുമുള്ള സംഘടിത ശ്രമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഇത്തരം പ്രതിസന്ധികള്‍ പുതുമയുള്ളതല്ല. താത്കാലികമായ ഇത്തരം വെല്ലുവിളികളെ നിയസംവിധാനത്തിന്റെ ഉള്ളില്‍ നിന്നു കൊണ്ട് നേരിടാനുള്ള വിവേകം മുസ്ലിം സമുദായത്തിനുണ്ട്. അതിനപ്പുറം അല്ലാഹുവിന്റെസഹായം തേടാനുള്ള അവസരമായി ഇത്തരം ഘട്ടങ്ങളെ നാം മാറ്റിയെടുക്കണം. അത് സംഭവിച്ചാല്‍ മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനപ്പെടും.
ശുഭ്ര സാഗരമായി സ്വലാത്ത് നഗര്‍; റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ആയിരങ്ങള്‍
പല പ്രതിസന്ധികളും ന്യൂനപക്ഷങ്ങള്‍ ഒറ്റയ്ക്കാണ് അനുഭവിക്കുന്നതെങ്കിലും അതിന്റെ പരിഹാരങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനപ്പെടുന്നതായിരിക്കും. ആ അര്‍ഥത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇന്നനുഭവിക്കുന്ന പല പ്രതിസന്ധികളും വരാനിരിക്കുന്ന വലിയ മാറ്റങ്ങളിലേക്കുള്ള സൂചനയായി വേണം നാം മനസ്സിലാക്കാന്‍. നമ്മെ ഇന്നു നയിക്കുന്ന ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും ഭരണ രീതികളുടെയും നവീകരണത്തിന് ന്യൂനപക്ഷങ്ങള്‍ ഇന്നനുഭവിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും കാരണമായി ത്തീരും. ആ ശുഭാപ്തി പ്രതീക്ഷയോടെ വേണം നാം ജീവിക്കാന്‍. ചരിത്ര ബോധത്തെ ഉള്‍ക്കൊണ്ടു കൊണ്ട് ജീവിക്കുമ്പോള്‍ ആണ് നാം ശുഭ പ്രതീക്ഷ ഉള്ളവരായി മാറുക. ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായ ബദര്‍ ഇതിന്റെ മികച്ച ഉദാഹരണമാണെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉണര്‍ത്തി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
യുക്തി വാദം, മതയുക്തിവാദം, മത രാഷ്ട്ര വാദം, നവ ഉദാര-ഭൗതിക വാദങ്ങള്‍ തുടങ്ങിയവ ആത്യന്തികമായി മനുഷ്യത്വ വിരുദ്ധമായ ആശയങ്ങളാണ്. ഭൂമിയുടെ പ്രകൃതിപരമായ നിലനില്‍പ്പിനും മനുഷ്യരാശിയുടെ ഭൂമിയിലെ സുസ്ഥിരതെക്കും എതിരാണവ. മൂല്യ ബോധത്തിലേക്ക് മടങ്ങുന്നതിലൂടെയേ ഭൂമിയുടെ ജൈവികതയെ തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളൂ. വിശ്വാസി സമൂഹങ്ങള്‍ക്കേ അത്തരം പരിശ്രമങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. അത്തരം ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആത്മീയ മജ്‌ലിസുകളെന്നും ആത്മ സംസ്‌കരണമാണ് റമളാനിലൂടെ സാധ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും ആത്മഹത്യാ പ്രവണതയും ഭീതിപ്പെടുത്തുന്നതാണ്. വിനോദത്തിന്റെയും വ്യക്തി സ്വാതന്ത്രൃത്തിന്റയും പേരില്‍ ഇത്തരം തിന്മകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നടപടികള്‍ അവസാനിപ്പിക്കണം. പ്രഖ്യാപനങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം. ട്രാഫിക് ലംഘനങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ അധികവും അശ്രദ്ധയുടെ ബാക്കിപത്രമാണ്. സ്വയം കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ് ഇത്. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെയും ഗതാഗത നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിലൂടെയും മാത്രമേ കേരളം പോലെ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുകയുള്ളൂവെന്നും മഅ്ദിന്‍ ചെയര്‍മാന്‍ ഉണര്‍ത്തി.

Sharing is caring!