തീ തുപ്പുന്ന കാർ – ഇൻസ്റ്റഗ്രാം പോസ്റ്റ് വിനയായി പിഴയടപ്പിച്ച് മോട്ടോർ വാഹന വകുപ്പ് 

തീ തുപ്പുന്ന കാർ – ഇൻസ്റ്റഗ്രാം പോസ്റ്റ് വിനയായി പിഴയടപ്പിച്ച് മോട്ടോർ വാഹന വകുപ്പ് 

 തിരൂരങ്ങാടി : തീപാറുന്ന കാറിൽ കറങ്ങിയ യുവാവിന് മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടപ്പോൾ ഒറ്റയടിക്ക് കീശയിൽ നിന്ന് പോയത് 44,250 രൂപ. അനധികൃത മോടി കൂട്ടലിനാണ് വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്നും മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം അധികൃതർ പിഴ ഈടാക്കിയത്.  നിരത്തിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയാകുന്ന തരത്തിൽ ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്നും തീ വരുന്ന രീതിയിൽ വാഹനത്തിൻ്റെ ഇ സി യു വിൽ മാറ്റം വരുത്തുകയാണ് ഇയാൾ ചെയ്തത് . ഇതിൽ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക് പേപ്പർ എന്നിവ കത്തിക്കുന്നതും, നിരത്തുകളിൽ സർവീസ് നടത്തുന്നതും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
 വാഹനത്തിൻറെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങൾ, ,ത്രീവത കൂടിയ ഹെഡ് ലൈറ്റ് എന്നിവയും കാറിൽ അനധികൃതമായി ഘടിപ്പിച്ച നിലയിലാണ്. വാഹനത്തിൻ്റെ ടയർ,  സൈലൻസർ, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിട്ടുണ്ട്.
വൻ തുക പിഴ  അടച്ചാൽ  മാത്രം പോര. ഏഴ് ദിവസത്തിനുള്ളിൽ വാഹനം യഥാർത്ഥ രൂപത്തിലാക്കിയതിനു ശേഷം പരിശോധനയ്ക്ക് ഹാജരാക്കിയില്ലെങ്കിൽ വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉടമസ്ഥന് താക്കീത് നൽകിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എം വി ഐ കെ എം അസൈനാർ, എ എം വി ഐമാരായ പി ബോണി , വി വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യേക നിരീക്ഷണങ്ങൾ വഴി കണ്ടെത്തിയാണ് വാഹനത്തിനെതിരെ  നടപടി എടുത്തത്.
വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Sharing is caring!