ആര്യാടന്റെ മരണം. കുഞ്ഞാലി വധം മായാത്ത കളങ്കം

ആര്യാടന്റെ മരണം. കുഞ്ഞാലി വധം മായാത്ത കളങ്കം

മലപ്പുറം: മലപ്പുറത്തും നിലമ്പൂരിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരി നേതാവായിരുന്നു സഖാവ് കുഞ്ഞാലി. 1965,67 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. എന്നാല്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് 1969ല്‍ ജൂലൈ 26ന് നിലമ്പൂരിലെ എസ്റ്റേറ്റില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. കുഞ്ഞാലിയുടെ രാഷ്ട്രീയ എതിരാളിയായിരുന്ന ആര്യാടന്‍ മുഹമ്മദിലേക്കാണ് സംശയത്തിന്റെ മുനകള്‍ നീണ്ടത്. ജൂലൈ 28ന് കുഞ്ഞാലി വധക്കേസില്‍ ആര്യാടനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
ചുള്ളിയോടിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ വച്ച് വെടിയേറ്റ കുഞ്ഞാലി പിന്നീട് നിലമ്പൂര്‍ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും വച്ച് ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കുഞ്ഞാലിക്ക് മരണ മൊഴി നല്‍കാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലും കൃത്യമായ തെളിവുകളുടെ അഭാവത്തിലും ഹൈക്കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു. സാക്ഷി മൊഴികള്‍ കണക്കിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഗോപാലന്‍ എന്നയാളാണ് കുഞ്ഞാലിയെ വെടിവെച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആര്യാടന്‍ പറഞ്ഞു. എന്നാല്‍ കുഞ്ഞാലിയെ വെടിവയ്ക്കാന്‍ ആര്യാടനാണ് ഗോപാലനെ ഏര്‍പ്പെടുത്തിയതെന്നാണ് അന്ന് കുഞ്ഞാലിക്കൊപ്പമുണ്ടായിരുന്ന സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്നാല്‍, കുഞ്ഞാലി വധത്തില്‍ പ്രതിയായിരുന്ന ആര്യാടന്‍ 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തില്‍ അവസാനം വരെ വേട്ടയാടിയ സംഭവമായിരുന്നു കുഞ്ഞാലി വധം.

മുന്‍ മന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദ്(87)കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. . കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. മികച്ച പാര്‍ലമെന്റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. മലപ്പുറം നിലമ്പൂരില്‍ ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടേയും ഒന്‍പത് മക്കളില്‍ രണ്ടാമനായി 1935 മേയ് 15നാണ് ആര്യാടന്‍ മുഹമ്മദിന്റെ ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. അക്കാലം സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തെത്തി. 1962വണ്ടൂരില്‍ നിന്ന് കെപിസിസി അംഗം. 1969ല്‍ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റായി. 1978മുതല്‍ കെപിസിസി സെക്രട്ടറിയായി. എന്നാല്‍ കന്നി തെരഞ്ഞെടുപ്പില്‍ തോറ്റു. 1965ലും, 67ലും നിലമ്പൂരില്‍ നിന്ന് നിയസഭയിലേക്ക് മത്സരിച്ചു. എന്നാല്‍ കെ. കുഞ്ഞാലിയോട് തോറ്റു. 1969ല്‍ ജൂലൈ 28ന് കുഞ്ഞാലി വധക്കേസില്‍ പ്രതിയായി. കേസില്‍ പിന്നീട് ആര്യാടനെ ഹൈക്കോടതി കുറ്റവിമുക്താനാക്കി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977ല്‍ നിലമ്പൂരില്‍ നിന്ന് നിയസഭയിലെത്തി.
പൊന്നാനിയില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോള്‍ ആ വര്‍ഷം എംഎല്‍എ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയില്‍ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പാണ് ലഭിച്ചത്. സി. ഹരിദാസ് നിലമ്പൂരില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി.
എന്നാല്‍, 1982ല്‍ ടി കെ ഹംസയോട് തോറ്റത് തിരിച്ചടിയായി. പിന്നീട് ഏറെക്കാലം നിലമ്പൂരിനെ പ്രതിനിധീകരിച്ചു. 1987മുതല്‍ 2011വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995, 2001ലും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടു. തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കി. നിലവില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ പി വി മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ. റിയാസ് അലി(പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് അസ്ഥി രോഗ വിദഗ്ദന്‍). മരുമക്കള്‍: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദന്‍, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ന്യൂറോളജിസ്റ്റ്), സിമി ജലാല്‍.

 

Sharing is caring!