ഇന്നും കേരളത്തിൽ കോവിഡ് രോ​ഗികൾ കൂടുതൽ മലപ്പുറത്ത്

ഇന്നും കേരളത്തിൽ കോവിഡ് രോ​ഗികൾ കൂടുതൽ മലപ്പുറത്ത്

മലപ്പുറം: ജില്ലയിൽ ഇന്ന് 1,399 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നും കേരളത്തിൽ കോവിഡ് രോ​ഗികളുടെ എണ്ണം കൂടുതൽ മലപ്പുറം ജില്ലയിൽ. ഇന്ന് രോഗബാധിതരായവരിൽ 1,367 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. എട്ട് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിട മറിയാതെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് വന്നു എന്നുള്ളത് മാത്രമാണ് ഇന്ന് ആശ്വാസകരമായ കാര്യം. മൂന്ന് പേർക്ക് മാത്രമാണ് ഇന്ന് ഉറവിടമറിയാതെ രോഗം ബാധിച്ചത്. വൈറസ് ബാധ കണ്ടെത്തിയവരിൽ 17 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും നാല് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

നിരീക്ഷണത്തിൽ 49,033 പേർ

49,033 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 10,205 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 461 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,310 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 172 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്. അതേസമയം 805 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയിൽ രോഗമുക്തരായത്. 31,151 പേർ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

ആരോഗ്യ ജാഗ്രതയിൽ വീഴ്ച പാടില്ല

വൈറസ് ബാധിതർ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ
പൊതുജനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ആത്മാർഥമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം. സർക്കാറിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സർക്കാർ വകുപ്പുകളുമായി ചേർന്ന് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇക്കാര്യത്തിൽ അലംഭാവം പാടില്ലെന്നും ജില്ലാ കലക്ടർ ആവർത്തിച്ച് അറിയിച്ചു. വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടേയും പരിപൂർണ്ണമായ സഹകരണമാണ് ഇപ്പോൾ വേണ്ടതെന്നും ജില്ലാ കലക്ടർ പറഞ്ഞു.

കോവിഡ് 19 വ്യാപനം പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീനയും അറിയിച്ചു. രോഗ വ്യാപനത്തിനുള്ള സാധ്യത ഇതിലൂടെ മാത്രമെ തടയാനാകൂ. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ് അഭ്യർഥിച്ചു. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!