മലപ്പുറം ന​ഗരസഭയിൽ 11 ജീവനക്കാർക്ക് കോവിഡ്, ന​ഗരസഭ ഒരാഴ്ച്ചത്തേക്ക് അടച്ചു

മലപ്പുറം ന​ഗരസഭയിൽ 11 ജീവനക്കാർക്ക് കോവിഡ്, ന​ഗരസഭ ഒരാഴ്ച്ചത്തേക്ക് അടച്ചു

മലപ്പുറം: നഗരസഭാ ഓഫീസിലെ 11 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ന​ഗരസഭ ഓഫിസ് ഒരാഴ്ച്ചത്തേക്ക് അടച്ചിടുകയാണെന്ന് സെക്രട്ടറി കെ ബാലസുബ്രമണ്യൻ അറിയിച്ചു. ഇന്നാണ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയവർ ക്വാറന്റൈനിലാണ്.

ഇന്ന് (ഒക്ടോബര്‍ 11) 1,451 പേര്‍ക്കാണ് മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,332 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

രോഗബാധിതരാകുന്നവര്‍ വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രതിരോധ നടപടികളാണ് നടത്തി വരുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പിന്തുണ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. രോഗവ്യാപനത്തിനുളഅള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സംരക്ഷണം ഉറപ്പാക്കണം. പൊതുജീവിതത്തിന് പ്രയാസമില്ലാത്തവിധത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ആരോഗ്യ ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

അതിനിടെ ആശ്വാസമായി 1,059 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. 25,185 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കൂട്ടായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Sharing is caring!