നിലമ്പൂരിലെ കൊടുംകാട്ടിലൂടെ അമ്മിണി ടീച്ചര്‍ നടക്കുന്നു കുഞ്ഞുങ്ങള്‍ക്ക് അക്ഷരംപകരാന്‍

നിലമ്പൂര്‍: കുഞ്ഞുങ്ങള്‍ക്ക് അക്ഷരംപകരാന്‍ നിലമ്പൂരിലെ കൊടുംകാട്ടിലൂടെ അമ്മിണി ടീച്ചര്‍ ദിനവും നടന്നു കയറുകയാണ്. പലതവണ കാട്ടാനക്കൂട്ടം മുന്നില്‍ വന്ന് ചിന്നം വളിച്ചു. മലമ്പാമ്പുകള്‍ പത്തി വിടര്‍ത്തി. എന്നിട്ടും അമ്മിണി ടീച്ചര്‍ അറിവിന്റെ ഖനിയുമായി ആ കൊടുങ്കാട്ടിലൂടെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലേക്ക് നടന്നു. പുഞ്ചക്കൊല്ലിയില്‍ അറിവിന്റെ പ്രകാശം പരത്താനുള്ള ഭീതിനിറഞ്ഞ യാത്ര 73-ാം വയസിലും തുടരുകയാണ് ടീച്ചര്‍. കോളനിയിലെ ബാലവിജ്ഞാന കേന്ദ്രത്തിലെ അധ്യാപികയാണ് അമ്മിണി. ലിപിയില്ലാത്ത ഭാഷ സംസാരിച്ച ചോലനായ്ക്കരെ മലയാളം വായിക്കാനും പറയാനും പഠിപ്പിച്ചു. 19 കുട്ടികള്‍ ടീച്ചറുടെ കീഴില്‍ വിദ്യ അഭ്യസിക്കുന്നുണ്ട്. നിലമ്പൂര്‍ മണലൊടിയിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ ആറിന് തുടങ്ങും ടീച്ചറുടെ യാത്ര. പുഴ കടന്ന്, ആറ് കിലോമീറ്ററോളം കൊടുംവനത്തിലൂടെ ഒന്നര മണിക്കൂര്‍ പിന്നിട്ടാണ് എത്തുക. കാടിനുള്ളിലാണ് പ്രാക്താനഗോത്രവിഭാഗം കുട്ടികളുടെ ബാലവിജ്ഞാന കേന്ദ്രം. പകല്‍ മുഴുവന്‍ കുട്ടികളോടൊപ്പം. ഉച്ചഭക്ഷണമൊരുക്കി, കുട്ടികളെ പഠിപ്പിച്ച്, വൈകിട്ട് മലയിറങ്ങും. വീണ്ടും ആറ് കിലോമീറ്റര്‍ വന്യമൃഗങ്ങള്‍ക്ക് മുന്നിലൂടെ മടക്കം. 37 വര്‍ഷമായി ഈ പോക്കും വരവും. പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി മേഖലയിലെ കുട്ടികളാണ് ബാലവിജ്ഞാനകേന്ദ്രത്തിലുള്ളത്. അവരെ അക്ഷരവും കണക്കും സയന്‍സുമെല്ലാം പഠിപ്പിക്കും.
1982ലാണ് പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള ഈ വിദ്യാലയത്തില്‍ ടീച്ചറായത്. പുഞ്ചക്കൊല്ലിയിലെ ആദിവാസി കുട്ടികളെ പഠിപ്പിക്കാന്‍ ബാലവിജ്ഞാനകേന്ദ്രം തുടങ്ങിയപ്പോള്‍ അധ്യാപകരെ കിട്ടിയിരുന്നില്ല. കൊടുങ്കാട്ടില്‍ തുച്ഛ വേതനത്തിന് ആരും ജോലി ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അമ്മിണി വെല്ലുവിളി ഏറ്റെടുത്തത്. ടീച്ചര്‍ കോളനിയിലെത്തിയശേഷമാണ് കുട്ടികള്‍ പലരും സ്‌കൂളുകളില്‍ പോവാനും പഠിക്കാനും തുടങ്ങിയത്. വനവിഭവ ശേഖരണത്തിലൂടെ തൊഴിലും വരുമാനവും ഉണ്ടാക്കാനും ടീച്ചര്‍ പഠിപ്പിച്ചു. പല കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായത്താല്‍ വീടുകള്‍ ലഭ്യമാക്കാനും വൈദ്യുതിയെത്തിക്കാനും പരിശ്രമിച്ചു. തുടക്കത്തില്‍ 300 രൂപയായിരുന്നു മാസവേതനം. ഇപ്പോഴും 4000 രൂപ മാത്രമാണ് ടീച്ചര്‍ക്ക് കിട്ടുന്നത്. തയ്യല്‍ത്തൊഴിലാളിയായ കാരിപ്പറമ്പന്‍ വീട്ടില്‍ കുമാരനാണ് ഭര്‍ത്താവ്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *