‘ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല’; കോവിഡ് അതിജീവനത്തിന് ഫായിസിന്റെ 10313 രൂപ

‘ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല’; കോവിഡ് അതിജീവനത്തിന് ഫായിസിന്റെ 10313 രൂപ

മലപ്പുറം: ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനെ കാണാന്‍ ഇന്ന് ഒരു വി.ഐ.പി എത്തി. പുറത്ത് കാമറകളുമായി മാധ്യമപ്പട. കുറേയേറെ ആരാധകര്‍. ഒറ്റ വിഡിയോയില്‍ ക്ലിക്കായ 10 വയസുകാരന്‍ മുഹമ്മദ് ഫായിസാണ് താരം. ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല. ഇനി റെഡ്യായിലെങ്കിലും കൊയപ്പല്ല” എന്ന് നമ്മളെ പ്രചോദിപ്പിച്ച നാലാം ക്ലാസുകാരന്‍.

വെറുതെ കലക്ടറെ കാണാനല്ല ഫായിസ് വന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ പേരില്‍ തനിക്ക് ലഭിച്ച തുകയില്‍ നിന്ന് ഒരു വിഹിതം ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് നല്‍കിയിരുന്നു. ഇതിനു പുറമെ വീട്ടുകാരുടെ വിഹിതവും കൂടി ചേര്‍ത്ത് 10313 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ഫായിസ് എത്തിയത്. ആരാവണമെന്നാണ് ആഗ്രഹമെന്ന കലക്ടറുടെ ചോദ്യത്തിന് പൊലീസ് എന്ന ഉറച്ച മറുപടി. പരാജയങ്ങള്‍ ഒന്നിന്റെയും അവസാനമല്ലെന്നാണ് ഫായിസ് നമ്മളെ പഠിപ്പിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. പരാജയങ്ങളും തിരിച്ചടികളും നേരിടുമ്പോള്‍ ആര്‍ക്കും പ്രചോദനമാകുന്ന വാചകം. അത് തന്നെയും പ്രചോദിപ്പിക്കുന്നുവെന്നും ഈ ജില്ലയില്‍ നിന്ന് അത്തരമൊരു വിദ്യാര്‍ഥിയെ ലോകം തിരിച്ചറിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ചെറിയ തിരിച്ചടികള്‍ക്ക് മുന്നില്‍ പതറിപ്പോകുകയും ആത്മഹത്യയിലേക്കുപോലും നയിക്കപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ നമ്മുടെ സമൂഹത്തിലുള്ളപ്പോഴാണ് ഫായിസ് വേറിട്ട് നില്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചോദനമാകുന്ന ഒരു വിഡിയോ തയ്യാറാക്കണമെന്ന് കലക്ടര്‍ ഫായിസിനോട് പറഞ്ഞു. കോവിഡിനെതിരെ തിരുവനന്തപുരം ജില്ലാ ഭരണകൂടം തയ്യാറാക്കിയ വീഡിയോ അദ്ദേഹം ഫായിസിനെ കാണിക്കുകയും ചെയ്തു. ഫായിസിന്റെ ആഗ്രഹം പോലെ ഉയര്‍ന്ന ഒരു പൊലീസ് ഓഫീസറാകണമെന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാകട്ടെ എന്നും കലക്ടര്‍ ആശംസിച്ചു. ഫായിസിന് പ്രത്യേക ഉപഹാരവും ജില്ലാകലക്ടര്‍ നല്‍കി.

പരാജയത്തില്‍ തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് നല്‍കിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതും ഒരു നല്ല മാതൃകയാണ്. ഫായിസിന്റെ ആത്മവിശ്വാസത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ട ആളുകളുടെ പിന്തുണയാണ് ലഭിച്ചത്. നാടന്‍ ശൈലിയിലുള്ള ഫായിസിന്റെ വാക്കുകള്‍ സാമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുക കൈമാറിയ ശേഷം ഫായിസ് പറഞ്ഞു ‘ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല, പക്ഷേ എല്ലാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണം’. കുഴിഞ്ഞോളം പറക്കാട് സ്വദേശിയായ അബ്ദുള്‍ മുനീര്‍ സഖാഫിയുടേയും മൈമൂനയുടേയും മകനാണ് മുഹമ്മദ് ഫായിസ്. എളാപ്പമാരായ അബ്ദുള്‍ സലീമും സൈതലവിയും അയല്‍വാസികളായ മുനീര്‍, അലി അസ്‌കര്‍ എന്നിവരും ഫായിസിനൊപ്പമുണ്ടായിരുന്നു.

മലപ്പുറം ചൈല്‍ഡ് ലൈനിന്റെ ഉപഹാരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.പി.എം റിയാസ് കൈമാറി. കോര്‍ഡിനേറ്റര്‍മാരായ സി.പി സലീം, അന്‍വര്‍ കാരക്കാടന്‍ സന്നിഹിതരായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ കോവിഡ് കോണ്‍ടാക്ട് ട്രേസിങ് സെല്ലിന്റെ ഉപഹാരം ഡോ. നവ്യയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ ഉപഹാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ്, സബ് എഡിറ്റര്‍ ടി. അനീഷ എന്നിവര്‍ നല്‍കി.

Sharing is caring!