പരിസ്ഥിതി സൗഹൃദ റബ്ബര്‍ ഷീറ്റുമായി മലപ്പുറം കോട്ടൂരിലെ ശാസ്ത്ര പ്രതിഭകള്‍

പരിസ്ഥിതി സൗഹൃദ  റബ്ബര്‍ ഷീറ്റുമായി  മലപ്പുറം കോട്ടൂരിലെ  ശാസ്ത്ര പ്രതിഭകള്‍

കോട്ടക്കല്‍: മലപ്പുറം ജില്ലാ ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രബന്ധാവതരണത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ സംസ്ഥാന തല മത്സരത്തിലേക്ക്. പരമ്പരാഗതമായി കര്‍ഷകര്‍ റബ്ബര്‍ പാല്‍ ഉറകൂട്ടുന്നതിന് ഉപയോഗിക്കിന്നുന്ന ആസിഡുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവര്‍ പഠന വിഷയമാക്കിയത്.ഷീറ്റ് നിര്‍മ്മാണത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ആസിഡുകള്‍ .ഇവ കര്‍ഷകര്‍ വിലകൊടുത്തു വാങ്ങുന്നത് കൃഷിച്ചിലവ് കൂടുന്നതിന് കാരണമാകുന്നു .ഇവയുടെ അമിതോപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അതിലേറെ .ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരമായാണ് ഇവര്‍ പരിസ്ഥിതി സൗഹൃദ ഉറകൂട്ടല്‍ രീതി മുന്നോട്ട് വെയ്ക്കുന്നത് . സ്‌കൂളിന് സമീപമുള്ള മാറാക്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ റബ്ബര്‍ കൃഷിയെ അടിസ്ഥാനമാക്കിയായിരുന്നു ഇവരുടെ പഠനം .സ്‌കൂളിലെ അധ്യാപകരായ ശരത് ,പ്രദീപ് എന്നിവരുടെ മാര്‍ഗനിര്‍ദേശത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കീര്‍ത്തന, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ശിവാനി പ്രദീപ് എന്നിവരാണ് പഠനം നടത്തിയത് .ഈ വര്‍ഷത്തെ സംസ്ഥാന ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം അദ്ധ്യാപകരുടെ സയന്‍സ് ടീച്ചേര്‍സ് പ്രോജക്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം ശരത് മാഷിനായിരുന്നു .അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും സംസ്ഥാന ,ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസുകളില്‍ ഈ വിദ്യാലയം മികച്ച പ്രകടനം നടത്തിയിരുന്നു .ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രമടക്കം വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടിയാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത് .തങ്ങളുടെ കണ്ടെത്തല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി പഠന റിപ്പോര്‍ട്ട് ബഹു.കേരള കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ,ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം റിസേര്‍ച്ച് ഡയറക്ടര്‍ ജെയിംസ് ജേക്കബ് എന്നിവര്‍ക്ക് സമര്‍പ്പിച്ചു .ഡിസംബര്‍ 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ കൊച്ചു മിടുക്കികള്‍.

Sharing is caring!