ഈവര്‍ഷത്തെ കേരളത്തിലെ ആദ്യ ഹജ് വിമാനം കരിപ്പൂരില്‍ നിന്നുവേണമെന്ന് മന്ത്രി ജലീല്‍

ഈവര്‍ഷത്തെ കേരളത്തിലെ ആദ്യ ഹജ് വിമാനം കരിപ്പൂരില്‍ നിന്നുവേണമെന്ന് മന്ത്രി ജലീല്‍

മലപ്പുറം: ഈവര്‍ഷത്തെ കേരളത്തിലെ ആദ്യ ഹജ് വിമാനം കരിപ്പൂരില്‍
നിന്നുവേണമെന്ന് സംസ്ഥാന ഹജ്കാര്യ മന്ത്രി മന്ത്രി ജലീല്‍. ഈവിഷയം ശ്രദ്ധയില്‍പെടുത്താന്‍ ജലീല്‍ 27നു കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബാസ് നഖ്‌വിയെ കാണും. വ്യോമയാന മന്ത്രാലയത്തിന്റെ ടെന്‍ഡര്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശേരിയില്‍ നിന്നാണ്. ഇതു കരിപ്പൂരില്‍ വേണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം. നിലവില്‍ 11,472 പേര്‍ക്കാണ് കേരളത്തില്‍ നിന്നു അവസരം ലഭിച്ചത്. മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കേരളത്തില്‍ നിന്നാണ് യാത്രയാവുന്നത്. 9,400 പേര്‍ കരിപ്പൂരില്‍ നിന്നും 2,550 പേര്‍ നെടുമ്പാശേരിയില്‍ നിന്നുമാണ് പുറപ്പെടുക. നെടുമ്പാശേരിയില്‍ നിന്നു ആദ്യഘട്ട തീര്‍ഥാടകര്‍ മദീനയിലേക്കും രണ്ടാംഘട്ടത്തില്‍ കരിപ്പൂരില്‍ നിന്നുള്ളവര്‍ ജിദ്ദയിലേക്കുമാണ് പുറപ്പെടുന്ന രീതിയിലാണ് വിമാന സര്‍വീസുളളത്. നെടുമ്പാശേരിയിലെ ആദ്യ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നു നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി പറഞ്ഞു. കരിപ്പൂരില്‍ നിന്നുള്ള 9,400 പേരില്‍ 2,000 പേരെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി മദീനയിലേക്കും ശേഷിക്കുന്നവരെ കരിപ്പൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നു രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജിദ്ദയിലേക്കും കൊണ്ടുപോകാനുളള ശ്രമമമാണ് നടത്തുന്നത്.കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന കേന്ദ്ര ഹജ്ജ് യോഗത്തില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് 27ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെ കാണുന്നത്.

Sharing is caring!