ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: രണ്ട് രാജസ്ഥാന് സ്വദേശികളെ അറസ്റ്റ് ചെയ്തു

മഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വിദേശികള്‍ക്ക് പണം കൈമാറാനുള്ള ഏജന്റുമാരായി പ്രവര്‍ത്തിച്ച രാജസ്ഥാന് സ്വദേശികളായ രണ്ട് പേരെ മഞ്ചേരി പൊലീസ് രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തു.രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞമാസം അറസ്റ്റിലായ കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന് സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരില്‍ നിന്നാണ് പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചിറ്റോര്‍ഗഡ് ജില്ലാ കോടതി പരിസരത്ത് വെച്ചാണ് മകേഷ് ചിപ്പ പിടിയിലായത്. മൊഹീന്ദ്രയെ സമീപപ്രദേശമായ ചിറ്റോര്‍ഗഡ് ചന്ദേരിയയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
തട്ടിപ്പിന്റെ വഴികള്‍
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉത്പന്നങ്ങള്‍ വില്പനക്കെന്ന പേരില്‍ പരസ്യം ചെയ്താണ് തട്ടിപ്പ്. വെബ്സൈറ്റില്‍ ഉത്പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടനടി ഇവര്‍ക്ക് മെസേജ് ലഭിക്കും. തുടര്‍ന്ന് ഇമെയില്‍ മുഖാന്തിരമോ വിര്‍ച്വല്‍ നമ്പറുകള്‍ മുഖാന്തിരമോ ഇരകളെ ബന്ധപ്പെടും. കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജ ലൈസന്‍സുകളും ഇതര രേഖകളും അയച്ചുകൊടുക്കും. പിന്നീട് ഉത്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. ഉത്പന്നം കൊറിയര്‍ ചെയ്തതായും അതിന്റെ കണ്സൈന്മെന്റ് നമ്പര്‍ സഹിതം മെസേജ് അയക്കും.
പിന്നീട് കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ കൊറിയര്‍ പാക്കിംഗ് മോശമാണെന്നും അതിന് ഇന്‍ഷുറന്‍സായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് മെസേജ് ലഭിക്കും. ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അനധികൃതമായി വരുന്ന പണം കമ്മീഷന് വ്യവസ്ഥയില്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംഘമാണ് രാജസ്ഥാനില്‍ നിന്നും അറസ്റ്റില്‍ ആയത്.
കേസിനാസ്പദമായ സംഭവം
മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യത്തിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എന്‍.ബി. ഷൈജു, എസ്.ഐ ജലീല്‍ കറത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, ടി.പി. മധുസൂദനന്, ഹരിലാല്‍ അക്കരത്തൊടി എന്നിവരാണ് രാജസ്ഥാനില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കും.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]