വ്യാജ ഹര്‍ത്താലില്‍ മലപ്പുറത്ത് വാഹനംതടയലും സംഘര്‍ഷവും.

വ്യാജ ഹര്‍ത്താലില്‍ മലപ്പുറത്ത്  വാഹനംതടയലും  സംഘര്‍ഷവും.

മലപ്പുറം: ജമ്മു കശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടയുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്

സമൂഹമാധ്യമങ്ങളിലെ ഹര്‍ത്താല്‍ ആഹ്വാനത്തെത്തുടര്‍ന്ന് മലപ്പുറത്ത് മിക്കയിടത്തും വാഹനംതടയലും സംഘര്‍ഷവും. പലയിടത്തും പ്രകടനങ്ങള്‍. മിക്കയിടത്തും കടകള്‍ അടഞ്ഞുകിടക്കുന്നു. ദീര്‍ഘദൂര കെഎസ്ആര്‍ടിസി, സ്വകാര്യ സര്‍വീസുകള്‍ മാത്രമേ നിരത്തിലുള്ളൂ. കോഴിക്കോട് മലപ്പുറം പാലക്കാട് റൂട്ടില്‍ രാമപുരം, മക്കരപ്പറമ്പ്, തിരൂര്‍ക്കാട് എന്നിവിടങ്ങളിലും കൊണ്ടോട്ടിയില്‍ വിവിധ കേന്ദ്രങ്ങളിലും വാഹനം തടയുന്നു. പെരിന്തല്‍മണ്ണ പട്ടാമ്പി റൂട്ടിലും ഗതാഗതതടസ്സമുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കുട്ടികളാണ് വാഹനം തടയുന്നത്.

തിരൂര്‍ മേഖലയില്‍ പരക്കെ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്. മഞ്ചേരി, പെരിന്തല്‍മണ്ണ നഗരങ്ങളില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ പ്രകടനം നടത്തി. കോഴിക്കോട് മലപ്പുറം റൂട്ടില്‍ കൊണ്ടോട്ടിയില്‍ റോഡില്‍ ടയര്‍ കത്തിച്ചു. കുറ്റിപ്പുറത്ത് പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു. വണ്ടൂരില്‍ മത്സ്യമാംസ മാര്‍ക്കറ്റുകള്‍ അടപ്പിച്ചു. വെട്ടത്തൂര്‍ മണ്ണാര്‍മലയില്‍ വാഹനം തടഞ്ഞ 15 പേരെ കസ്റ്റഡിയിലെടുത്തു. യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകരും അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളുമാണ് വാഹനം തടയാന്‍ മുന്‍പിലുള്ളത്.

Sharing is caring!