ഓണ്‍ലൈന്‍തട്ടിപ്പ് കേസ് പ്രതിയായ നൈജീരിയന്‍ യുവതിയെ ബാംഗ്ലൂരില്‍നിന്ന് മലപ്പുറം പോലീസ് അറസ്റ്റ്ചെയ്തു
മലപ്പുറം: നൈജീരിയ സ്വദേശിനിയായ ബെല്ലോ പമിലെറിന്‍ ഡെബോറ (23 വയസ്സ്) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം സി.ഐ പ്രേംജിത്ത് നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ പാളയ എന്ന സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരസ്യ വെബ്സൈറ്റില്‍ തന്രെ ഇലക്ട്രോണിക് ഉപകരണം വില്ക്കാന് പരസ്യം ചെയ്ത പരാതിക്കാരനെ അമേരിക്കയില്‍ നിന്നെന്ന മട്ടില്‍ ബന്ധപ്പെട്ട പണം അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് വിശ്വസിപ്പിച്ച പ്രതി സാധനം കൊറിയര്‍ മുഖാന്തിരം കൈക്കലാക്കുകയായിരുന്നു. പിന്നീട് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഇന്റര്‍ നാഷണല്‍ ട്രാന്‍സ്ഫര്‍ ചാര്‍ജ് എന്ന പേരില്‍ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു എന്ന പരാതിയില്‍ അന്വേഷണം നടത്തിയതിലാണ് പ്രതി പിടിയിലായത്.
ഓണ്‍ലൈന്‍ ലോട്ടറി, അനന്തരാവകാശികളില്ലാത്ത സമ്പന്നന്റെ സ്വത്ത് നല്കുന്നു, വിലപിടിപ്പുള്ള വസ്തുക്കള്‍ കുറഞ്ഞ വിലക്ക് തുടങ്ങിയ പതിവ് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്നും വിഭിന്നമായി പുതിയതായി ആരംഭിച്ച തട്ടിപ്പ് രീതിയിലുള്‍പ്പെട്ട പ്രധാന പ്രതിയാണ് പിടിയിലായത്.
വിവിധ ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റുകള്‍ നിരന്തരം നിരീക്ഷിക്കുന്ന പ്രതി വിവിധ സാധനങ്ങള്‍ വാങ്ങാനെന്ന മട്ടില്‍ വ്യാജമായി തയ്യാറാക്കിയ നമ്പറുകള്‍ ഉപയോഗിച്ച് വാട്ട്സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടുന്ന സംഘം ബന്ധുക്കള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനാണെന്നും മറ്റും പറഞ്ഞ് സാധനം അയച്ച് കൊടുക്കാന്‍ പറയുകയും കൊറിയര്‍ ചെയ്ത ശേഷം പണം നിങ്ങളുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തരാം എന്നും മറ്റും വാഗ്ദാനം ചെയ്ത് ഏതെങ്കിലും വിലാസം കൊടുക്കും. ഇത് വിശ്വസിച്ച് സാധനം അയച്ച് കൊടുക്കുന്ന ആളുകള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള വിവിധ ചാര്‍ജുകളെന്ന പേരില്‍ അവര്‍ നല്കുന്ന അക്കൌണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറയുകയും അത് ചിലര്‍ വിശ്വസിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പിനിരയാകുകയും ചെയ്യുന്നു. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേതും മറ്റുമായി തോന്നുന്ന വിര്‍ച്വല്‍ നമ്പറുകളാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ ഇത് വെച്ച് പ്രതികളെ കണ്ടെത്തുകയെന്നത് ശ്രമകരമാണ്. ഈ ഇനം തട്ടിപ്പുകള്‍ കൂടുതലും ബാഗ്ലൂര് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം എസ്.ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍, എസ്.ഐ അബ്ദുല്‍റഷീദ്. ടി, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, വനിതാ സിപിഒ മാരായ ശാലിനി, ശ്യാമ എന്നിവരടങ്ങിയ സംഘമാണ് ബാംഗ്ലൂരില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു.
എന്‍.എം. അബ്ദുല്ല ബാബു, സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍ എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘം ഒരു വര്‍ഷത്തിനിടെ പിടികൂടുന്ന നാലാമത്തെ ഓണ്‍ലൈന്‍ കേസാണ് ഇത്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]