‘മാണിക്യമലരായ പൂവി’ യുടെ ഉറുദു പതിപ്പുമായി മലപ്പുറത്തെ അധ്യാപകന്‍

‘മാണിക്യമലരായ പൂവി’ യുടെ ഉറുദു പതിപ്പുമായി  മലപ്പുറത്തെ അധ്യാപകന്‍

മലപ്പുറം: ഹിറ്റായി മാറിയ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിന്റെ പുതിയ വേര്‍ഷന്റെ ഉറുദു പതിപ്പുമായി മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ ഉറുദു അധ്യാപകന്‍. പാലക്കാട് ചാലിശേരി സര്‍ക്കാര്‍ സ്‌കൂളിലെ ഉറുദു അധ്യാപകനും മലപ്പുറം ആലങ്കോട് പെരുമുക്ക് സ്വദേശിയുമായ ഫൈസല്‍ വട്ടപ്പറമ്പിലാണ്് ഗാനം ഉറുദുവിലേക്ക് തര്‍ജമ ചെയ്തത്.

ഹൈദരാബാദില്‍ നിന്ന് ഗാനത്തിനെതിരെ കേസ് നല്‍കുകയും ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടിയ ഗാനം തെറ്റായി പല ഉറുദു ദിനപത്രങ്ങളിലും അച്ചടിച്ച് വന്നതാണ് ഗാനം ഉറുദുവിലെക്ക് തര്‍ജമ ചെയ്യാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ശനിയാഴ്ച മലപ്പുറം ജില്ലയിലെ മങ്കട വേരുംപുലാക്കല്‍ എന്‍.സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന വനിതാ സംഗമത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ.മുഹമ്മദ് ബഷീറാണ് ഗാനം റിലീസ് ചെയ്തത്.

ഇശല്‍ മീഡിയ സംവിധാനം ചെയ്ത ഗാനം രാവിലെ ഒമ്പതിന് യൂട്യൂബില്‍ ഇട്ടതോടെ ഉച്ചയോടെ തന്നെ അമ്പതിനായിരത്തിലധികം പേരാണ് വീക്ഷിച്ചത്. ഉച്ചയോടെ ഇത് ഒരു ലക്ഷത്തിനടുത്തായി. മലയാളത്തിനുള്ള ഈണത്തില്‍ തന്നെയാണ് ഉറുദുവിലും പാടിയിരിക്കുന്നത്.

ഗാനം ആലപിച്ചത് മഞ്ചേരി സ്വദേശി ഡോ.സിദ്‌റത്തുല്‍ മുന്‍തഹയാണ്. സ്വദേശത്തും വിദേശത്തുമായി പാട്ടിന്റെ വഴിയില്‍ വേദികള്‍ കൈയടക്കിയ സിദ്‌റത്തുല്‍ മുന്‍തഹയുടെ മാണിക്യമലര്‍ ഉര്‍ദു വേര്‍ഷനും സംഗീതലോകം ഏറ്റെടുത്ത് കഴിഞ്ഞു.

Sharing is caring!