വെല്ലുവിളികളെയും പ്രതിസന്ധികളെയും നിശ്ചയദാര്‍ഢ്യം കൊണ്ട് പ്രതിരോധിച്ച 70 വര്‍ഷങ്ങളാണ് ലീഗിന്റേത്

വെല്ലുവിളികളെയും പ്രതിസന്ധികളെയും നിശ്ചയദാര്‍ഢ്യം കൊണ്ട് പ്രതിരോധിച്ച 70 വര്‍ഷങ്ങളാണ് ലീഗിന്റേത്

കോഴിക്കോട്: നീതി നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനകത്ത് പോലും വാദിക്കാന്‍ മുസ്ലിംലീഗിന്റെ പൈതൃകത്തില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാവുന്നു എന്നത് നമ്മുടെ നേതാക്കള്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഹാദിയ കേസില്‍ അഡ്വ. ഹാരിസ് ബീരാന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രതീക്ഷകള്‍ അസ്തമിച്ച അന്ധകാരത്തില്‍ നിന്നാണ് ഇന്ത്യയിലെ ന്യൂനപക്ഷത്തിന് വേണ്ടി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഒരു ചെറുതിരി കൊളുത്തിവെക്കുന്നത്.സമൂഹത്തിനും സമുദായത്തിനും വഴികാട്ടുന്ന കെടാ ദീപമായി പിന്നീടത് മാറുകയുണ്ടായി.വെല്ലുവിളികളെയും പ്രതിസന്ധികളെയും നിശ്ചയദാര്‍ഢ്യം കൊണ്ട് പ്രതിരോധിച്ച അതിജീവനത്തിന്റെ 70 സംവത്സരങ്ങള്‍ ദൈവികാനുഗ്രഹത്താല്‍ നാം പിന്നിട്ടിരിക്കുന്നു.

പൂര്‍വ്വ സൂരികള്‍ സ്വപ്നം കണ്ട അഭിമാനകരമായ മുന്നേറ്റം സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലയില്‍ സാധ്യമാക്കാന്‍ ഇക്കാലയളവിനുള്ളില്‍ നമുക്കേറെ സാധിച്ചിരിക്കുന്നു.സ്വസമുദായം വെള്ളംകോരികളും വിറകുവെട്ടികളുമായി അധഃപതിക്കരുതെന്ന സിഎച് മുഹമ്മദ് കോയ സാഹിബിന്റെ,മാനുഷിക സൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി ജീവിതം തപസ്സ്യയാക്കിയ പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും പോലുള്ള മഹാമനീഷികളുടെ നിരന്തര ജാഗ്രതയും കരുതലും മഹത്തായ പരിവര്‍ത്തനത്തിലേക്ക് നമ്മെ നയിച്ചിരിക്കുന്നു.

മുസ്ലിം ലീഗിനെ സംബന്ധിച്ചു ചാരിതാര്‍ഥ്യ നിറവിന്റെ ഈ സന്തോഷദായകമായ വേളയിലാണ് ഹാദിയ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി വന്നിരിക്കുന്നത്.ഹാദിയ കേസില്‍ വാദിച്ചത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പൗത്രന്‍ കൂടിയായ അഡ്വ;മര്‍സൂഖ് ബാഫഖിയായിരുന്നു. മറ്റൊരാള്‍,സിഎച്ചിന്റെയും പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടേയുമൊക്കെ ആത്മസുഹൃത്തായിരുന്ന അഡ്വക്കേറ്റ് വികെ ബീരാന്‍ സാഹിബിന്റെ പുത്രന്‍ അഡ്വ.ഹാരിസ് ബീരാനുമാണ്.

നീതി നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനകത്ത് പോലും വാദിക്കാന്‍ മുസ്ലിംലീഗിന്റെ പൈതൃകത്തില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാവുന്നു എന്നത് നമ്മുടെ നേതാക്കള്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.ഈ അഭിമാനാകരമായ നിലനില്‍പ്പാണ് മുസ്ലിംലീഗ് പാര്‍ട്ടിയുടെ അതുല്യമായ സംഭാവന എന്നത്.അതിനിയും അഭംഗുരം തുടര്‍ന്ന് കൊണ്ടേയിരിക്കും.സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ..

Sharing is caring!