മുസ്ലിം ലീഗ് നേതാവ് മാപ്പുപറഞ്ഞു

മുസ്ലിം ലീഗ് നേതാവ് മാപ്പുപറഞ്ഞു

താനൂര്‍ : ഡിവൈഎഫ്‌ഐ വെള്ളച്ചാല്‍ യൂണിറ്റ് സെക്രട്ടറി കൊക്കരണിക്കല്‍ സാദിഖലിക്കെതിരെ പ്രാദേശിക മുസ്ലിംലീഗ് നേതാവ് നവമാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തി.പൊലീസ് ഇടപെടലും, ഡിവൈഎഫ്‌ഐ പ്രതിഷേധവുമായതോടെ നേതാവ് മാപ്പു പറഞ്ഞു. വെള്ളച്ചാലിലെ പ്രാദേശിക ലീഗ് നേതാവായ മുണ്ടക്കുറ ഇബ്രാഹിമാണ് സാദിഖിനെതിരെ വ്യാജ പ്രചാരണവുമായി വന്നതെന്നാണു സി.പി.എം ആരോപിക്കുന്നത്.

ലീഗ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്ന നേതാവിന്റെ ശബ്ദ സന്ദേശം പുറത്തായതോടെയാണ് സംഭവമറിയുന്നത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയനെതിരെ ആര്‍എസ്എസ് അക്രമം നടന്നതിനെ തുടര്‍ന്ന് ഒഴൂര്‍ പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ചുവന്ന മുണ്ടെടുത്ത് വെള്ളച്ചാല്‍ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന സാദിഖിന്റെ ചിത്രം ഉപയോഗിച്ചാണ് പ്രചാരണം. സുഹൃത്തിന്റെ കാവിത്തോര്‍ത്ത് സാദിഖ് തോളിലിട്ടിരുന്നു. ഇത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നും, പ്രവാചകന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന വസ്ത്രമാണെന്നും അത് ഉപയോഗിക്കുന്നത് മതത്തിന് എതിരാണെന്നും ലീഗ് നേതാവ് മുണ്ടക്കുറ ഇബ്രാഹിം ശബ്ദ സന്ദേശത്തില്‍ പറയുന്നു.

സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ലീഗില്‍ പ്രവര്‍ത്തിക്കണമെന്നും, വെള്ളച്ചാലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പള്ളിയില്‍ പോകാറില്ലെന്നും നേതാവ് തട്ടി വിടുന്നു. മാത്രമല്ല പ്രദേശത്ത് ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവാഹം മുടക്കാനും ഇയാള്‍ രംഗത്തുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഇബ്രാഹിമിനെതിരെ താനൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയുണ്ടായി. ഇതേത്തുടര്‍ന്നായിരുന്നു മാപ്പു പറഞ്ഞ് രക്ഷപ്പെട്ടതെന്നാണു സി.പി.എം ആരോപിക്കുന്നു.

Sharing is caring!