മഞ്ചേരിയില്‍ നാച്ചുറോപ്പതി ചികിത്സയിലൂടെ വെള്ളത്തില്‍ പ്രസവിച്ച് മരിച്ച യുവതിയുടെ മൃതദേഹം മറവ്‌ചെയ്ത സ്ഥലത്ത് നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടംചെയ്യുന്നു

മഞ്ചേരിയില്‍ നാച്ചുറോപ്പതി ചികിത്സയിലൂടെ  വെള്ളത്തില്‍ പ്രസവിച്ച് മരിച്ച യുവതിയുടെ  മൃതദേഹം മറവ്‌ചെയ്ത സ്ഥലത്ത് നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടംചെയ്യുന്നു

മലപ്പുറം: മഞ്ചേരിയില്‍ വെള്ളത്തില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ മറവ് ചെയ്ത യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നു. നാച്ചുറോപ്പതി ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ജനുവരി എട്ടിനാണ് കല്‍പകഞ്ചേരി വെട്ടിച്ചിറ സ്വദേശിനി ഷഫ്‌ന രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് കല്‍പകഞ്ചേരി കുറുക്കോള്‍ പള്ളിയില്‍ മറവ് ചെയ്ത മൃതദേഹം ആരോഗ്യവകുപ്പിന്റെ പരാതിയെ തുടര്‍ന്നാണ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. ഇന്നു രാവിലെ പത്തുമണിയോടെ മറവ് ചെയ്ത മൃതദേഹം അധികൃതര്‍ പുറത്തെടുക്കാനുള്ള നടപടികള്‍ തുടങ്ങി.

ജനുവരി എട്ട് തിങ്കളാഴ്ച മഞ്ചേരി ഏറനാട് ആശുപത്രിയിലെ നാച്ചുറോപ്പതി ചികിത്സകനായ ആബിറാണ് യുവതിയുടെ പ്രസവമെടുത്തത്. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന വാട്ടര്‍ ബെര്‍ത്ത് സംവിധാനത്തിലൂടെയായിരുന്നു ഇവിടെ പ്രസവം നടന്നിരുന്നത്. വെള്ളത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കുന്ന രീതിയാണ് വാട്ടര്‍ബെര്‍ത്ത്.

മഞ്ചേരിയിലെ ഏറനാട് ആശുപത്രിയില്‍ വച്ചാണ് വെട്ടിച്ചിറ സ്വദേശിയായ ഷഫ്‌ന ദാരുണമായി മരണപ്പെട്ടത്. വാട്ടര്‍ബെര്‍ത്ത് പ്രസവത്തിനിടെ യുവതിക്ക് അമിതരക്തസ്രാവമുണ്ടായതാണ് മരണകാരണം. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയുടെ ബിപിയും നിലച്ചു. ഇതോടെ യുവതിയെ ആശുപത്രിയിലെ അലോപ്പതി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനുവരി എട്ട് തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.

യുവതിയുടെ മരണത്തെക്കുറിച്ച് ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി ലഭിക്കുന്നത്. ഏറനാട് ആശുപത്രിയിലെ അശാസ്ത്രീയ ചികിത്സകാരണം പ്രസവത്തിനിടെ യുവതി മരിച്ചെന്നായിരുന്നു പരാതി. നാട്ടുകാരില്‍ ചിലരാണ് ആരോഗ്യവകുപ്പിനും മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയത്. ഇതോടെയാണ് വാട്ടര്‍ബെര്‍ത്ത് പ്രസവത്തിനിടെ യുവതി മരിച്ചെന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്.

എന്നാല്‍ മരിച്ച ഷഫ്‌നയുടെ ഭര്‍ത്താവോ ബന്ധുക്കളോ സംഭവത്തില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ആബിര്‍ എന്നയാളും ഇയാളുടെ ഭാര്യയുമാണ് ഏറനാട് ആശുപത്രിയില്‍ നാച്ചുറോപ്പതി ചികിത്സ നടത്തിയിരുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവില്‍പോയിരുന്നു.

നാച്ചുറോപ്പതി ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഏറനാട് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചത്. ആബിര്‍ എന്നയാള്‍ക്ക് നാച്ചുറോപ്പതി ചികിത്സയ്ക്കായി ഒരു മുറി വിട്ടുനല്‍കിയെന്നേയുള്ളു എന്നും മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ വാദം അംഗീകരിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്.

Sharing is caring!