‘ കുര്‍റ ‘ പാട്ടിന്റെ പിറവിയെ കുറിച്ച് ഷഹബാസ് അമന്‍

‘ കുര്‍റ ‘ പാട്ടിന്റെ പിറവിയെ കുറിച്ച് ഷഹബാസ് അമന്‍

മലപ്പുറം: ഫുട്‌ബോളിന്റെ പശ്ചാതലത്തില്‍ കഥപറയുന്ന സുഡാനി ഫ്രം നൈജീരിയയിലെ പാട്ട് സ്വന്തം ജന്മദേശത്തിനുള്ള സമര്‍പ്പണമാണെന്ന് സംഗീത സംവിധായകനും ഗസല്‍ ഗായകനുമായ ഷഹബാസ് അമന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം പാട്ടിനെ കുറിച്ചും പാട്ട് പിറവിയെടുത്ത വഴികളെ കുറിച്ചും പറയുന്നത്.

‘ ചുരുക്കത്തില്‍ ”കുര്‍റ ” എന്ന പന്ത് പാട്ട് ,സ്വന്തം ജന്മദേശത്തിനുള്ള ഒരു എളിയ ട്രിബ്യൂട്ട് ആണ് !ജയിച്ചോ തോറ്റോ എന്നൊന്നും നോക്കാതെ ഞങ്ങളുടെ കളിജീവിതത്തെ ആവോളം പ്രോത്സാഹിപ്പിക്കുകയും ഒരു ഫൗള്‍ വിസിലിംഗ് കൊണ്ട് പോലും ഞങ്ങളുടെ ആരുടേയും ജീവിതത്തിന്മേല്‍ ഒരു തരത്തിലുള്ള പൊട്ട അമ്പയറിംങ്ങും ഇന്നേ വരെ കല്‍പ്പിക്കാതിരിക്കുകയും ചെയ്ത(തീര്‍ച്ചയായും വിഭിന്ന ജീവിതങ്ങള്‍ ഉണ്ട് ) പ്രിയപ്പെട്ട നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്ന മദ്ഹ് പാട്ട് ! ‘ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുര്‍റത്തുല്‍ ഖദം !
കാല്‍പ്പന്ത് !
ശ്രദ്ധിച്ചു നോക്കിയാല്‍ ആര്‍ക്കും പന്തുകളിയില്‍ പാട്ടും പാട്ടില്‍ പന്തുകളിയും കാണാം !മണിക്കുക അഥവാ മണി മണിയായി ഉരുട്ടുകയോ ഉതിര്‍ക്കുകയോ ചെയ്യുക എന്ന് പൊതുവേ അര്‍ഥം കിട്ടുന്ന വിധത്തില്‍ ”മണ്‍ച്ച്അ ” എന്ന ഒരു ലോപ വാക്കാണ് ഖുര്‍ആന്‍ ഓത്തില്‍ (ഖിറാഅത്ത് -സൂഫി സംഗീതത്തിന്റെ മജ്ജാ രൂപങ്ങങ്ങളില്‍ ഒന്ന് ) തിംങ്‌സ് ഇടുന്നതിനെക്കുറിച്ച് ഞങ്ങള്‍ പറയുക. ഫുട്ബാളിലെ ഡ്രിബ്ലിംഗിനും അതേ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് ! ബൂട്ട് കെട്ടുക എന്നതിന് തുല്യമാണ് പാട്ട് കെട്ടുക എന്ന പ്രയോഗം !വലിയ ലക്ഷ്യങ്ങളൊന്നും മനസ്സില്‍ കാണാതെ ഒരു രസത്തിനു വേണ്ടി ചെയ്യുന്ന ചെറു പാട്ടിനെ മുട്ടായിപ്പാട്ട് എന്ന് പറയും പൊതുവേ .ഇതേ പോലെത്തന്നെയാണ് ആര്‍ക്കും കൊടുക്കാതെ ഡി കോര്‍ട്ടിനടുത്ത് വെച്ച് സ്വന്തം വൃത്തത്തിനുള്ളില്‍ പന്ത്‌കൊണ്ട് ഒരു കളിക്കാരന്‍ കളം വരച്ചു കളിക്കുന്ന സോളോ പെര്‍ഫോമന്‍സിനെ ‘മുട്ടായി ചുടുക ‘എന്ന് മലപ്പുറത്തുകാര്‍ വിവക്ഷിക്കുന്നത്.അങ്ങനെ പറഞ്ഞു വരുമ്പോള്‍ കുറേയുണ്ട് .പിന്നെപ്പറയാം …

ചുരുക്കത്തില്‍ ”കുര്‍റ ” എന്ന പന്ത് പാട്ട് ,സ്വന്തം ജന്മദേശത്തിനുള്ള ഒരു എളിയ ട്രിബ്യൂട്ട് ആണ് !ജയിച്ചോ തോറ്റോ എന്നൊന്നും നോക്കാതെ ഞങ്ങളുടെ കളിജീവിതത്തെ ആവോളം പ്രോത്സാഹിപ്പിക്കുകയും ഒരു ഫൗള്‍ വിസിലിംഗ് കൊണ്ട് പോലും ഞങ്ങളുടെ ആരുടേയും ജീവിതത്തിന്മേല്‍ ഒരു തരത്തിലുള്ള പൊട്ട അമ്പയറിംങ്ങും ഇന്നേ വരെ കല്‍പ്പിക്കാതിരിക്കുകയും ചെയ്ത(തീര്‍ച്ചയായും വിഭിന്ന ജീവിതങ്ങള്‍ ഉണ്ട് ) പ്രിയപ്പെട്ട നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്ന മദ്ഹ് പാട്ട് !

മലപ്പുറത്തിന്റെ ഫുടബോള്‍ ജീവിതത്തെ അവലംബമാക്കി പ്രിയ കൂട്ടുകാരന്‍ മധു ജനാര്‍ദ്ദനന്‍ ചെയ്യാനിരുന്ന -ഒരുപക്ഷെ ഇനിയും ചെയ്യാനിരിക്കുന്ന ബ്രിഹത്തായ ഒരു ഡോക്യുമെന്ററിയുടെ തലക്കുറിപ്പാട്ടായിട്ടാണ് ഈ ഗാനം ആദ്യം വിഭാവന ചെയ്യപ്പെട്ടത് .വരാനിരിക്കുന്ന ആ ചരിത്രാഖ്യാനത്തിന്റെ ആദ്യ വിളംബരമെന്നോണം കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ സീസണില്‍ ഈ പാട്ടിന്റെ മുഴുവന്‍ രൂപം മധുവിന്റെതായ ഒരു വിഷ്വല്‍ സങ്കല്പത്തോടെ യൂ റ്റിയൂബില്‍ ആദ്യമായി പ്രത്യക്ഷപ്പെടുകയുമുണ്ടായി .സോള്‍ ഓഫ് അനാമിക മുതല്‍ ‘ഞാന്‍ സ്റ്റീവ് ലോപസ് ‘വരെയുള്ള എല്ലാ ഫിലിമി നോണ്‍ ഫിലിമി സംഗീതസംവിധാന പദ്ധതികളിലെയും സ്ഥിരം പങ്കാളിയായ റോയ് ജോര്‍ജ് തന്നെയായിരുന്നു അതിന്റെയും മ്യൂസിക് പ്രോഗ്രാം നിര്‍വ്വഹിച്ചത് .അത്‌കൊണ്ട് കുര്‍റപ്പാട്ടുണ്ടായതിന് മധുവിന്റെ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത ഡോക്യുമെന്ററി ഒരു നിമിത്തമായ കാര്യം ഇപ്പോഴും എപ്പോഴും സ്‌നേഹത്തോടെ ഓര്‍ക്കപ്പെടുക തന്നെ ചെയ്യും . യൂ ട്യൂബില്‍ സേര്‍ച്ച് ചെയ്യുന്നവര്‍ക്ക് ആ വേര്‍ഷനും കൂടി എപ്പോഴാണെങ്കിലും കാണാവുന്നതും ,കേള്‍ക്കാവുന്നതുമാണ് .സുഡാനിയുടെ സംവിധായകന്‍ സക്കറിയയുടെ ശ്രദ്ധയില്‍ ഈ പാട്ട് വരുന്നത് പോലും അങ്ങനെയാണല്ലോ !പക്ഷെ അതില്‍ ഒരു നിമിത്തമുണ്ട് !എന്തെന്നാല്‍ ഈ പാട്ട് കെട്ടുമ്പോള്‍ മനസ്സ് പറഞ്ഞിരുന്നു ,കുട്ട്യേ …ഇത് വൈഡ് റീച്ചാണ് ട്ടോ ന്ന് ! ”അയ്ക്കോട്ടെ ,സന്തോഷം ഖല്‍ബെ” എന്ന് പ്രതിവചിക്കുകയും ചെയ്തു ! പക്ഷെ അങ്ങനെ സംഭവിച്ചില്ല !കാരണങ്ങള്‍ പലതാവാം . യൂ ടൂബില്‍ ഇപ്പോഴും അതങ്ങനെ കിടക്കുകയും ചെയ്യുന്നു . ഓരോന്നിനും ഓരോ സമയമുണ്ട് റഹീമേ എന്ന പറഞ്ഞത് പോലെയാവാം കാര്യം !

നോക്കൂ , ഇന്നിപ്പോള്‍ നൈജീരിയയില്‍ നിന്നും ഭാഗ്യവും കൊണ്ട് വന്ന ഒരു കറുത്ത മുത്തിലൂടെ ആ പാട്ട് എല്ലാവരും പുതിയൊരു പാട്ടെന്ന പോലെ വീണ്ടും കേള്‍ക്കുന്നതും ഹൃദയ ചിഹ്നങ്ങള്‍ കൊണ്ട് അട്ടിക്കട്ടിക്ക് ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും ഒക്കെ കാണുമ്പോള്‍ ഉള്ളില്‍ അനല്പമായ സന്തോഷം തോന്നുന്നു! കേവലം ഒരു സിനിമയുടെ ഭാഗമായി ‘ഹിറ്റ്’ ആകുന്നതിനേക്കാള്‍ മലപ്പുറം ജീവിതം പറയുന്ന ഒരു ചിത്രത്തിന്റെ തന്നെ ഭാഗമാകാന്‍ കഴിഞ്ഞതിലാണു അതിന്റെ ഇസ്സത്ത് ഇരട്ടിയാകുന്നത്! ഇപ്പോഴത്തെ അതിന്റെ മ്യൂസിക് ഡിസൈന്‍ ഏറെക്കുറെ പഴയതിന്റെ ചുവട് പിടിച്ചുള്ള തന്നെ കേറിപ്പോകുന്ന എന്നാല്‍ കുറുങ്ങനെയുള്ള ഒരു അടിപൊളി റെക്സിയന്‍ ലൈവ് കവര്‍ വേര്‍ഷന്‍ ആണെന്നു പറയാം.അതെ. പ്രിയ റെക്‌സ് വിജയന്‍,സമീര്‍ താഹിര്‍ ,ഷൈജു ഖാലിദ് എന്നീ പുതിയ സ്‌നേഹ നിമിത്തങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി !

നുണ പറയാത്ത മനസ്സിനെ ”യൂ റ്റൂ ?” എന്ന് അക്ഷമാപൂര്‍വം സംശയിച്ച മൂന്ന് നാല് ഘട്ടങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട് ഇത്‌പോലെ സ്വന്തം ജീവിതത്തില്‍ ! അപ്പോഴൊക്കെയും പണിക്കുറ്റം തീര്‍ത്ത് കാലം കൃത്യമായി പകരം വീട്ടിത്തന്നിട്ടുമുണ്ട് ,പാട്ടായിട്ടും പറച്ചിലായിട്ടും ! ആ കഥകളൊക്കെ പിന്നീട് ഒരിക്കല്‍ പറയാം .ഇപ്പോള്‍ കുര്‍റപ്പാട്ടിഷ്ടപ്പെട്ട എല്ലാവരെയും സന്തോഷം അറിയിക്കുക മാത്രം ചെയ്യുന്നു.

മറഞ്ഞിരുന്നാലും വെളിപ്പെട്ടാലും ചില പാട്ടുകള്‍ക്കൊരു സത്യമുണ്ട് ! സത്യമുള്ളതേ പാട്ടാകാന്‍ പാടുള്ളൂ.

എല്ലാവരോടും സ്‌നേഹം…

Sharing is caring!