മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടരുതെന്ന് കെ.ടി ജലീല്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനോട്
മലപ്പുറം: പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ പാസ്പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടാനുള്ള ശ്രമത്തില്‍ നിന്ന് വിദേശകാര്യ മന്ത്രാലയം പിന്തിരിയണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ.ടി ജലീല്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടു. പോസിറ്റീവായ പ്രതികരണണമാണ് മന്ത്രിയില്‍നിന്നും ഉണ്ടായതെന്നും പിന്നിട് കെ.ടി ജലീല്‍ വ്യക്തണാക്കി.
കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജ് പ്രവാസി ദിനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികാര്യ മന്ത്രിമാരുടെ സമ്മേളനം 9 , 10 തിയ്യതികളിലായി ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്തിരുന്നു. ഈ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാറിന് വേണ്ടി കെ.ടി ജലീലാണ് പങ്കെടുത്തത്.
3.4 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 25 ലക്ഷത്തിലധികം പേര് വിദേശ രാജ്യങ്ങളില്‍ വിശിഷ്യാ ഗള്‍ഫ് നാടുകളിലാണ് ജോലി ചെയ്യുന്നത് . അന്‍പത് ലക്ഷത്തോളമാളുകള് ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ കച്ചവടക്കാരായും ജോലിക്കാരായും ഉപജീവനം നടത്തി വരുന്നു . ഉദ്ദേശം കാല് കോടിയോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലും ജോലിയെടുത്ത് വരുന്നുണ്ട് .
മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് പ്രവാസത്തിന്. ആദിമനുഷ്യരായ ആദമും ഹവ്വയും സൃഷ്ടിക്കപ്പെട്ടത് സ്വര്‍ഗ്ഗത്തിലാണ്. അവിടുത്തെ നിയമങ്ങള്‍ അവര്‍ ലംഘിച്ചപ്പോള്‍ ഭൂമിയിലേക്ക് പറഞ്ഞയക്കപ്പെടുകയായിരുന്നു . ഭൂമിലോകത്തെ പ്രഥമ മനുഷ്യര്‍തന്നെ പ്രവാസികളായിരുന്നു എന്നാണ് വേദഗ്രന്ഥങ്ങള്‍ പറയുന്നത് .
കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ വഹിക്കുന്ന പങ്ക് വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ജലീല്‍ കോണ്ഫ്രന്സില് പറഞ്ഞു.
സുഷമാസ്വരാജിന് പുറമെ സഹമന്ത്രിമാരായ എം.കെ. സിങ്ങും എം.ജെ. അക്ബറും രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനത്തിലുടനീളം പങ്കെടുത്തു . ഹരിയാന മുഖ്യമന്ത്രിയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുമാണ് ആദ്യാവസാനം ഭാഗഭാക്കായ മറ്റു പ്രമുഖര്‍ .
ഇന്‍ഡ്യന്‍ വംശജരായ വിദേശ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളും മേയര്‍മാരും പങ്കെടുത്ത ആദ്യ ദിവസത്തെ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉല്‍ഘാടനം ചെയ്തത് . ഇത്തരമൊരു കോണ്‍ഫറന്‍സ് പ്രഥമമായാണ് നമ്മുടെ രാജ്യത്ത് വിളിച്ച്കൂട്ടുന്നത് . വൈസ് പ്രസിഡണ്ട് വെങ്കയ്യ നായിഡുജിയും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ: പി.ജെ.കുര്യനും ശശി തരൂര്‍ എം.പിയും വിവിധ സെഷനുകളില്‍ പങ്കെടുത്തു . ഇരുപത്തി ആറോളം രാജ്യങ്ങളില്‍ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ പ്രവാസി കൂട്ടായ്മക്ക് മിഴിവേകി .
രണ്ടാം ദിവസം 12 മണി മുതല്‍ 2 മണി വരെയാണ് സംസ്ഥാന മന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് . നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളും പ്രവാസി ക്ഷേമനിധിയും ലോക കേരള സഭാ രൂപീകരണവും ഞാന്‍ ഹ്രസ്വമായി വിശദീകരിച്ചു . മലയാളികളായ പ്രവാസി സുഹൃത്തുക്കള്‍ അനുഭവിക്കുന്ന നാനാവിധ പ്രശ്നങ്ങള്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്താനായത് നല്കുന്ന സന്തോഷം ചെറുതല്ലെന്ന് ജലീല്‍ പറഞ്ഞു.
ഓരോ രാജ്യത്തുമെത്തുന്ന ഇന്ത്യക്കാരുടെ പൂര്‍ണ്ണവിവരങ്ങള്‍ ബന്ധപ്പെട്ട ഇന്‍ഡ്യന്‍ എംബസികളില്‍ രേഖപ്പെടുത്താനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കണമെന്നും പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ പാസ്പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടാനുള്ള ശ്രമത്തില്‍ നിന്ന് വിദേശകാര്യ മന്ത്രാലയം പിന്തിരിയണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ശക്തമായിത്തന്നെ പറഞ്ഞുവെന്നും എല്ലാ കാര്യങ്ങളോടും പോസിറ്റീവായാണ് മന്ത്രി സുഷമാസ്വരാജ് പ്രതികരിച്ചതെന്നും പിന്നീട് ജലീല്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഓരോ കാര്യത്തിന്മേലുള്ള നടപടികള്‍ എത്രത്തോളം ഫലവത്താകുമെന്ന് കാത്തിരുന്ന് കാണാമെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]