വീട്ടില്‍കയറിയ മോഷ്ടാവ് വൃദ്ധ ദമ്പതികളെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി

വീട്ടില്‍കയറിയ  മോഷ്ടാവ് വൃദ്ധ ദമ്പതികളെ വെട്ടുകത്തി  ഉപയോഗിച്ച് വെട്ടി

വളാഞ്ചേരി: വൃദ്ധ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മോഷണശ്രമത്തിനിടയില്‍ വൃദ്ധ ദമ്പതികള്‍ക്ക് വെട്ടേറ്റു. കൃത്യം നടത്തി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

കാവുംപുറം കോതോള്‍ ദര്‍ശനയില്‍ കുഞ്ഞന്‍ നായര്‍ (72), ഭാര്യ സുലോചന (67) എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം രാത്രിയില്‍ വെട്ടേറ്റത്. പ്രതി കാവുംപുറം കോതോള്‍ പാറയില്‍ വീട്ടില്‍ പ്രമോദിനെ (42) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയിലാണ് വൃദ്ധ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നാട്ടുകാരന്‍ കൂടിയായ പ്രതി മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് സുലോചനയുടെ കഴുത്തില്‍ വെട്ടുകത്തി വെച്ച് ആഭരണങ്ങള്‍ ഊരി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഭരണങ്ങള്‍ നല്‍കാന്‍ സുലോചന വിസമ്മതിച്ചപ്പോള്‍ കഴുത്തിന് നേരെ വെട്ടുകത്തി വീശിയെങ്കിലും ചുമലിലാണ് വെട്ടേറ്റത്. അക്രമം തടയാനെത്തിയപ്പോള്‍ കുഞ്ഞന്‍ നായരുടെ കൈക്കും വെട്ടേറ്റു. ദമ്പതികള്‍ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സംഭവം നടന്ന വീടിന്റെ അര കിലോമീറ്റര്‍ അകലെ നിന്നും വെട്ടുകത്തി കണ്ടെത്തി.

ജീന്‍സ് പാന്റും ടീഷര്‍ട്ടും ധരിച്ചയാളാണ് അക്രമം നടത്തിയതെന്ന ദമ്പതികളുടെ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പ്രതിയെ സംഭവത്തിന് മുന്‍പ് നാട്ടുകാര്‍ കണ്ടിരുന്നു. പ്രതിയെ അന്വേഷിച്ച് പൊലീസ് അയാളുടെ വീട്ടിലെത്തിയെങ്കിലും ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ ബാത്ത് റൂമില്‍ നിന്നും പിടികൂടി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സുലോചന 15 പവനോളം വരുന്ന ആഭരണം സ്ഥിരമായി ധരിക്കാറുള്ളത് പ്രതി ശ്രദ്ധിച്ചിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുന്‍പ് വളാഞ്ചേരിയിലെ ഒരു കടയില്‍ നിന്ന് ഇയാള്‍ വെട്ടുകത്തി വാങ്ങിയതായി പൊലീസ് കണ്ടെത്തി. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തൊട്ടടുത്ത കുളത്തില്‍ ഉപക്ഷിച്ചിരുന്നു. ഇവയും കണ്ടെടുത്തു.

Sharing is caring!