മുസ്ലിം ലീഗ് പരിപാടി തടസപ്പെടുത്താന്‍ പോലീസ് ശ്രമം

മുസ്ലിം ലീഗ് പരിപാടി തടസപ്പെടുത്താന്‍ പോലീസ് ശ്രമം

മലപ്പുറം: ജാര്‍ഖണ്ഡിലെ പാക്കൂരിലെ രംഗയില്‍ ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിം ലീഗ് നടത്താനിരുന്ന സേവന പരിപാടിക്ക് പോലീസ് തടസമായി. ശൈത്യകാല വസ്ത്രവും, പുതപ്പും, വിദ്യാഭ്യാസ കിറ്റും നല്‍കുന്ന പരിപാടിക്ക് നേരെയായിരുന്നു പോലീസ് അതിക്രമം. നേരത്തെ അനുമതി നല്‍കിയ പോലീസ് പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ അനുമതി റദ്ദാക്കുകയായിരുന്നു.

അര്‍ധരാത്രിക്ക് അനുമതി നിഷേധിച്ച് ഉത്തരവിറക്കിയ പോലീസ് പൊതുയോഗം നടത്താന്‍ നിശ്ചയിച്ചിരുന്ന പന്തലുകളും പൊളിച്ചു നീക്കി. സ്‌പെഷല്‍ ഡിസ്ട്രിക്റ്റി മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ക്കായി മുസ്ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും റദ്ദ് ചെയ്ത ഓര്‍ഡര്‍ പുനസ്ഥാപിക്കാന്‍ പോലീസ് തയ്യാറായില്ല.

ഇതേ തുടര്‍ന്ന് ധാരാളം ആളുകളാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് തടിച്ചു കൂടിയത്. നേരത്തെ അനുമതി ലഭിച്ചിട്ടും യാതൊരു പ്രകോപനമോ, അക്രമങ്ങളോ ഇല്ലാതെ പരിപാടി റദ്ദ് ചെയ്തത് ദുരൂഹമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സമാധാനപരവും, നിയമപരവുമായി പ്രവര്‍ത്തിക്കുന്നവരെ പ്രകോപിതരാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റോഡില്‍ തടിച്ചു കൂടിയ ആദിവാസി-ദളിത്-പിന്നോക്ക വിഭാഗക്കാര്‍ക്ക് അവിടെ വെച്ച് തന്നെ വസ്ത്രങ്ങളും സഹായങ്ങളും ലീഗ് നേതാക്കള്‍ കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ബാവഹാജിയും ഇ ടിയോടൊപ്പമുണ്ടായിരുന്നു.

Sharing is caring!