മഞ്ചേരി സ്റ്റേഡിയം നശിക്കുന്നു; അധികൃതര്‍ക്കെതിരെ കായിക പ്രേമികള്‍

മഞ്ചേരി സ്റ്റേഡിയം നശിക്കുന്നു; അധികൃതര്‍ക്കെതിരെ കായിക പ്രേമികള്‍

മഞ്ചേരി: പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയം തിരിഞ്ഞ് നോക്കാനാളില്ലാതെ നശിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയം പരിപാലിക്കാത്തതില്‍ അമര്‍ശവുമായി കായിക പ്രേമികള്‍ രംഗത്തെത്തി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുടര്‍ നടപടികളൈാന്നും എടുത്തിട്ടില്ല.

മൂന്ന് മാസം മുമ്പ് കായിക മന്ത്രി എസി മൊയ്തീന്‍ സ്റ്റേഡിയം സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഒന്ന് പോലും ഇതുവരെ നടപ്പായിട്ടില്ല. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും രണ്ടാംഘട്ട ജോലികള്‍ വേഗത്തിലാക്കുമെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്.

ഫെഡറേഷന്‍ കപ്പ് മത്സരങ്ങളോടെ 2014 ജനുവരിയിലാണ് സ്റ്റേഡിയം തുറക്കുന്നത്. കൃത്രിമ വെളിച്ചത്തിന്റെ സഹായത്തില്‍ അന്ന് നടത്തിയ മത്സരങ്ങള്‍ക്ക് ടിക്ക്റ്റ് പോലും കിട്ടാത്ത അവസ്ഥയാണുണ്ടായിരുന്നത്. 2015 ല്‍ സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ടാണ് അവസാനം നടന്ന പ്രധാന മത്സരം.

ഐ ലീഗ് പ്രവേശനം നേടിയ ഗോകുലം കേരള എഫസി ഹോം ഗ്രൗണ്ടാക്കാനായി ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ കര്‍ശന നിബന്ധനകള്‍ അംഗീകരിക്കാനാവാതെ ഗോകുലം കോഴിക്കോട് സ്‌റ്റേഡിയം ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കുകയാണ് ചെയ്തത്.

കൃത്യമായി പരിചരിക്കാത്തതിനാല്‍ ഗ്രൗണ്ടിലെ പുല്ല് നശിച്ച് തുടങ്ങിയിട്ടുണ്ട്. ഗാലറിയിലെ കസേരകളും നശിച്ച് തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഫണ്ട് തടസ്സമായപ്പോള്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പിരിവെടുത്താണ് പൂര്‍ത്തിയാക്കിയത്. കായിക പ്രേമികള്‍ ഇത്രയധികം സഹകരിച്ചിട്ടും തിരിഞ്ഞ് നോക്കാത്ത അധികാരികള്‍ക്കെതിരെ അമര്‍ശമുയരുന്നുണ്ട്. സാമൂഹിക മാധ്യങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെ ഉയര്‍ന്നിട്ടുള്ളത്.

Sharing is caring!