മലപ്പുറം-ബാംഗ്ലൂര്‍, കോഴിക്കോട്-പാലക്കാട് പാതകള്‍ നാലു വരിയാകുന്നു

സന്തോഷ് ക്രിസ്റ്റി
മലപ്പുറം-ബാംഗ്ലൂര്‍, കോഴിക്കോട്-പാലക്കാട് പാതകള്‍ നാലു വരിയാകുന്നു

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാംഗ്ലൂരില്‍ നിന്ന് മലപ്പുറത്തേക്കുള്ള റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നു. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ പദ്ധതിയിലെ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബാംഗ്ലൂര്‍-മലപ്പുറം പാത വികസിപ്പിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും മാണ്ഡ്യ-മൈസൂര്‍-നീലഗീരി വഴി മലപ്പുറത്തേക്കുള്ള പാതയാണ് ചരക്ക് ഗതാഗതം സുഗമമാക്കുന്ന വിധത്തില്‍ വികസിപ്പിക്കുന്നത്. പദ്ധതിയിലെ അന്തര്‍ സംസ്ഥാന ഇടനാഴി പദ്ധതി പ്രകാരം കോഴിക്കോട്-മലപ്പുറം-പാലക്കാട് റോഡും നാലുവരി ആക്കി വികസിപ്പിക്കും. അടുത്ത വര്‍ഷം പദ്ധതിക്ക് തുടക്കമിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ബാംഗ്ലൂരില്‍ നിന്ന് മലപ്പുറത്തേക്കുള്ള 323 കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുന്നത്. ഈ റോഡിലെ ചരക്കു ഗതാഗത്തിലെ വര്‍ധനവും, വാഹനങ്ങളുടെ എണ്ണത്തിലുള്ള പെരുപ്പവും പഠനവിധേയമാക്കിയ ശേഷമാണ് ബാംഗ്ലൂര്‍-മലപ്പുറം റോഡും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മലപ്പുറത്ത് നിന്ന് ധാരാളം പേര്‍ യാത്ര ചെയ്യുന്ന പാതയുടെ വികസനം ജില്ലയുടെ വികസനത്തിന് ഊര്‍ജം പകരും.

114 കിലോമീറ്റര്‍ നീളമുള്ള പാലക്കാട്-കോഴിക്കോട് പാതയും കേരളത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ്. തമിഴ്‌നാട് വഴി മലബാറിലേക്കുള്ള പ്രധാന ചരക്ക് ഗതാഗത മാര്‍ഗവും, യാത്രാ മാര്‍ഗവുമാണ് മലപ്പുറം വഴി കടന്നു പോകുന്ന പാലക്കാട്-കോഴിക്കോട് പാത. ഗതാഗത കുരുക്ക് മൂലം ഈ റോഡ് ഉപയോഗിക്കുന്നവര്‍ക്കുള്ള സമയ നഷ്ടം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇല്ലാതാകും. ഒരു കിലോമീറ്ററിന് 13 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വഴി 2.20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 25ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയാണ് 5.35 ലക്ഷം കോടി രൂപയോളം വരുന്ന ഭാരത്മാല പദ്ധതിക്ക് അംഗീകാരം നല്‍കിയത്. രാജ്യം കണ്ട ഏറ്റവും വലിയ വികസന പദ്ധതികളില്‍ ഒന്നാണ് ഇത്. 26,200 കിലോമീറ്റര്‍ റോഡാണ് സാമ്പത്തിക ഇടനാഴി പദ്ധതി പ്രകാരം വികസിപ്പിക്കുന്നത്. നിലവിലെ ചരക്കു നീക്കത്തിന്റെ ചെലവില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എട്ട് ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

അടുത്ത് വര്‍ഷം ഡിസംബറോട് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2022ഓടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

 

Sharing is caring!